കൊച്ചി: മോഹന്‍ലാല്‍ - സിബി മലയില്‍ കൂട്ടുകെട്ടിൽ അഭ്രപാളിയിൽ വിസ്മയം തീർത്ത എവർഗ്രീൻ ചിത്രം 'കിരീടം' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻഎഫ്‌ഡിസി) നാഷണൽ ഫിലിം ആർക്കൈവ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂലൈ മൂന്ന് മുതൽ 4K ദൃശ്യമികവിൽ തിയേറ്ററുകളില്‍ റീ - റിലീസായി എത്തും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നു.
1989ൽ, 37 വർഷം മുൻപ് പുറത്തിറങ്ങിയ 'കിരീടം' ഇപ്പോഴും ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും, മലയാള സിനിമയിലെ അത്ഭുതമാണ് ചിത്രമെന്നും ട്രെയ്‌ലർ ലോഞ്ച് ചടങ്ങില്‍ മോഹൻലാൽ പറഞ്ഞു. അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണിതെന്ന് നായിക പാർവതിയും ഓർത്തെടുത്തു.
സിനിമ കാലാനുവർത്തിയായതിൽ സന്തോഷമെന്നും, പ്രേക്ഷകർ ഇന്നും ചർച്ച ചെയ്യുന്നുവെന്നും സംവിധായകൻ സിബി മലയിലും പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളായ നടൻ ജഗദീഷ് , മണിയൻപിള്ള രാജു ഉൾപ്പെടെയുള്ള താരങ്ങളും ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. തിരശീലയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച മൺമറഞ്ഞുപോയവരെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങില്‍ അനുസ്മരിച്ചു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയില്‍ പങ്കെടുത്തു.
കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് 'കിരീടം' നിർമിച്ചത്. എസ്. കുമാറാണ് ആണ് ഛായാഗ്രഹണം. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, അറ്റ്‌മോസ് മിക്‌സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്‌ലർ കട്‌സ്: ഡോൺ മാക്‌സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പിആർഒ: പി.ശിവപ്രസാദ്.