കൊച്ചി: ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം 'ദൃശ്യം 3' 200 കോടി ക്ലബിൽ. 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഏഴ് ദിനം കൊണ്ടാണ് ആഗോള തലത്തിൽ ഈ നേട്ടം കൈവരിച്ചത്. മൂന്നാം തവണയാണ് ഒരു മോഹൻലാൽ ചിത്രം 200 കോടി ക്ലബിൽ ഇടംപിടിക്കുന്നത്. 'എമ്പുരാൻ', 'തുടരും' എന്നിവയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ മോഹൻലാൽ സിനിമകൾ.
സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'ദൃശ്യം 3'. അത് സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിലും പ്രകടമായിരുന്നു. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21നാണ് 'ദൃശ്യം 3' നാല് ഭാഷകളില്‍ തിയേറ്ററുകളില്‍ എത്തിയത്. റിലീസായി 58 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. സിനിമയുടെ മൊഴിമാറ്റ പതിപ്പുകള്‍ക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദീഖ്, കലാഭവൻ ഷാജോൺ, വീണ നന്ദകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.
'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് സിനിമയുടെ മലയാളം പതിപ്പിന്റെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ അവകാശങ്ങൾ സ്വന്തമാക്കിയിരുന്നു. ഏകദേശം 350 കോടി രൂപയ്ക്കാണ് ഈ പ്രീ ബിസിനസ് ഡീൽ നടന്നതെന്നാണ് സൂചന. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: അനിൽ ജോൺസൺ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനർ: ലിന്റ ജീത്തു, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, വിഎഫ്എക്സ്: ടോണി മാഗ്മിത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്.