'ദൃശ്യം 3' പാക്കപ്പ് വീഡിയോയിൽ മോഹൻലാൽ 
MOVIES

"കറക്ട് ആണോ, എല്ലാവരും പറഞ്ഞപ്പോൾ ഒരു ഡൗട്ട്?" 'ദൃശ്യം 3' പാക്കപ്പ് വീഡിയോയിലും തിളങ്ങി മോഹൻലാൽ

സിനിമയുടെ അണിയറപ്രവർത്തകർക്ക് ഒപ്പം കേക്ക് മുറിച്ചാണ് നടൻ സന്തോഷം പങ്കിട്ടത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ജീത്തു ജോസഫ്-മോഹൻലാൽ കോംമ്പോയിൽ ഒരുങ്ങുന്ന 'ദൃശ്യം 3' ഷൂട്ടിങ് പൂർത്തിയായി. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജ് കുട്ടിയുടേയും കുടുംബത്തിന്റേയും കഥ പറയുന്ന 'ദൃശ്യം 3' ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 22ന് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

കൊച്ചിയും, തൊടുപുഴയിലുമായിരുന്നു ലൊക്കേഷനുകൾ. ഡിസംബർ രണ്ടിന് കൊച്ചിയിലെ ലൊക്കേഷനിലായിരുന്നു പാക്കപ്പ്. റിലീസീന് മുമ്പ് തന്നെ 350 കോടി രൂപാ പ്രീ ബിസിനസ് നേടിക്കൊണ്ട് വലിയ ഹൈപ്പ് നേടിയ ഇന്ത്യയിലെ പ്രാദേശിക ചിത്രമെന്ന ഖ്യാതിയും 'ദൃശ്യം3'ക്ക് സ്വന്തം. പനോരമാ സ്റ്റുഡിയോസാണ് സിനിമയുടെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിലെ ലാസ്റ്റ് ഷോട്ട് പറയുന്നതിനു മുമ്പ് "ജോർജുകുട്ടി കറക്ട് ആണോ, എല്ലാവരും പറഞ്ഞപ്പോൾ ഒരു ഡൗട്ട്?" എന്ന് മോഹൻലാൽ ചോദിക്കുന്നത് അണിയറപ്രവർത്തകർ പുറത്തുവിട്ട പാക്കപ്പ് വീഡിയോയിൽ കേൾക്കാം. പാക്കപ്പ് പുറഞ്ഞതിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവരെ മോഹൻലാൽ ആശ്ലേഷിക്കുന്നതും, കേക്കുമുറിച്ച് സന്തോഷം പങ്കുവയ്ക്കുന്നതും വീഡിയോയിൽ കാണാം. 'ദൃശ്യം 3' ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാൽ 'ജയിലർ 2'വിൽ അഭിനയിക്കാനായി ഗോവയിലേക്ക് തിരിച്ചു.

2013 ഡിസംബർ 19 ന് ആണ് 'ദൃശ്യം' മലയാളത്തിൽ റിലീസ് ആകുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 75 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

SCROLL FOR NEXT