'രാവണപ്രഭു' റീ റിലീസ് തീയതി പുറത്ത് 
MOVIES

"ഇനി അങ്ങോട്ട് മംഗലശേരി നീലകണ്ഠന്റെയും മകന്റെയും കാലം"; 'രാവണപ്രഭു' റീ റിലീസ് തീയതി പുറത്ത്

2001ല്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു' വലിയതോതില്‍ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തിയേറ്ററില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഒരിക്കല്‍ കൂടി മോഹന്‍ലാല്‍ എത്തുന്നു. സമീപകാലത്തിറങ്ങിയ ലാല്‍ ചിത്രങ്ങള്‍പോലെ തന്നെ പണം വാരിയവയാണ് താരത്തിന്റെ റീ റിലീസ് ചിത്രങ്ങള്‍. 'ഛോട്ടാ മുംബൈ', 'സ്‌ഫടികം', 'ദേവദൂതൻ' എന്നീ ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. ഈ നിരയിലേക്ക് അടുത്തതായി എത്തുന്നത് 'രാവണപ്രഭു'വാണ്. ചിത്രത്തിന്റെ റീ റീലിസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2001ല്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു' വലിയതോതില്‍ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ്. ഐ.വി. ശശിയുടെ 'ദേവാസുര'ത്തിന്റെ രണ്ടാം ഭാഗമായിരുന്നു ചിത്രം. 'ദേവാസുര'ത്തിന്റെയും രചനയും രഞ്ജിത്ത് ആയിരുന്നു. സിനിമയിലെ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍ ഇന്നും മലയാളികള്‍ക്ക് ആവേശമാണ്. വീണ്ടും രാവണപ്രഭു തിയേറ്ററുകളില്‍ തരംഗം തീർക്കുമെന്നാണ് വിതരണക്കാർ പ്രതീക്ഷിക്കുന്നത്.

മംഗലശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ.എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിലുള്ളത്.

ഒക്ടോബർ 10ന് ചിത്രം തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 4കെ ഡോൾബി അറ്റ്‌മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുക. മാറ്റിനി നൗ ആണ് സിനിമ റീ മാസ്റ്റർ ചെയ്യുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് 'രാവണപ്രഭു' നിർമിച്ചത്.

SCROLL FOR NEXT