'കിരീടം' റീ റിലീസ് ട്രെയ്‌ലർ ലോഞ്ചിൽ മോഹൻലാൽ 
MOVIES

അന്ന് സിബി തന്നത് നൂറിൽ രണ്ട് മാർക്ക്, പിന്നീട് രണ്ട് ദേശീയ അവാർഡും: മോഹൻലാൽ

സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം', 'ഭരതം' എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചത് ഓർമിച്ച് മോഹൻലാൽ

Author : ന്യൂസ് ഡെസ്ക്

മോഹന്‍ലാല്‍ - സിബി മലയില്‍ - എ.കെ. ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ ഹിറ്റ് ചിത്രമാണ് 'കിരീടം'. മലയാളിയുടെ മനസിൽ ഇന്നും നീറുന്ന മുറിവാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രം. ചിത്രം ജൂലൈ മൂന്ന് മുതൽ 4K ദൃശ്യമികവിൽ തിയേറ്ററുകളില്‍ റീ - റിലീസായി എത്തുകയാണ്. കഴിഞ്ഞ ദിവസം, കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ലോഞ്ചിങ് ചടങ്ങിൽ തന്റെ ആദ്യ സിനിമ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ഓഡിഷൻ ഓർമ മോഹൻലാൽ പങ്കുവച്ചു.

"അടുത്ത വർഷം കഴിഞ്ഞാൽ ഞാൻ സിനിമയിൽ 50 വർഷമായി. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയുടെ ഓഡിഷന് അവസാന ദിവസമാണ് ഞാൻ പോകുന്നത്. ഒരു സീൻ തന്നിട്ട് അഭിനയിക്കാൻ പറഞ്ഞു. ഡയറക്ടർ ഫാസിൽ ഉണ്ട്, ജിജോ ഉണ്ട്, സിബി മലയിലുണ്ട്, വേറെ കുറച്ചുപേരും. ആ സീൻ അഭിനയിച്ചു. നൂറിലാണ് മാർക്ക്. അന്ന് ഏറ്റവും അധികം മാർക്ക് തന്ന് എന്നെ സഹായിച്ച ആളാണ് സിബി. നൂറിൽ രണ്ട്! പക്ഷേ അദ്ദേഹം എനിക്ക് പിൽക്കാലത്ത് രണ്ട് ദേശീയ അവാർഡ് നൽകി. എന്റെ ആദ്യത്തെ ദേശീയ അവാർഡ് 'കിരീട'ത്തിനാണ്. സ്റ്റേറ്റ് അവാർഡും ലഭിച്ചു. 'ഭരത'ത്തിനും ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. നന്ദി സിബി," മോഹൻലാൽ പറഞ്ഞു.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻഎഫ്‌ഡിസി) നാഷണൽ ഫിലിം ആർക്കൈവ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് 'കിരീടം' റീമാസ്റ്റർ ചെയ്ത് വീണ്ടും അവതരിപ്പിക്കുന്നത്. 4K ദൃശ്യമികവിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് 1989ൽ ഇറങ്ങിയ 'കിരീടം' നിർമിച്ചത്. കഥ, തിരക്കഥ, സംഭാഷണം: ലോഹിതദാസ്. എസ്. കുമാറാണ് ആണ് ഛായാഗ്രഹണം. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, അറ്റ്‌മോസ് മിക്‌സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്‌ലർ കട്‌സ്: ഡോൺ മാക്‌സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ.

SCROLL FOR NEXT