'രാവണപ്രഭു' റീ റിലീസ് Source: Facebook / Mohanlal
MOVIES

"ഈ പുതിയ പതിപ്പും പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു"; 'രാവണപ്രഭു' റീ റിലീസിന് മുന്‍പ് വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍

സിനിമയിലെ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍ ഇന്നും മലയാളികള്‍ക്ക് ആവേശമാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു'വിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മംഗലശേരി നിലകണ്ഠനും മകന്‍ കാർത്തികേയനും വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഇത്തവണ 4കെ അറ്റ്‌മോസിലാണ് ചിത്രം എത്തുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച 'രാവണപ്രഭു' മാറ്റിനി നൗ ആണ് പുത്തന്‍ രൂപഭാവത്തില്‍ കാണികളിലേക്ക് എത്തിക്കുന്നത്.

'രാവണപ്രഭു' റീ റിലീസിന് മുന്‍പായി ചിത്രത്തില്‍ ഡബിള്‍ റോളിലെത്തിയ മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ ആരാധകരെ പുതിയ പതിപ്പ് കാണാന്‍ സ്വാഗതം ചെയ്തു. സിനിമയുടെ പുതിയ പതിപ്പ് അന്നത്തേ പോലെതന്നെ പ്രിയപ്പെട്ട പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

"രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത 'രാവണപ്രഭു' എന്ന ചിത്രത്തിലാണ് മംഗലശേരി നീലകണ്ഠനേയും മകന്‍ കാർത്തികേയനേയും എനിക്ക് അവതരിപ്പിക്കാന്‍ സാധിച്ചത്. മംഗലശേരി നീലകണ്ഠന്‍, രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി ഒരുക്കിയ കഥാപാത്രമായിരുന്നെങ്കില്‍ നീലകണ്ഠനേയും കാർത്തികേയനേയും തിരക്കഥ രചിച്ച് പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചത് രഞ്ജിത്താണ്. ആശിർവാദ് സിനിമാസ് നിർമിച്ച് 'രാവണപ്രഭു' 24 വർഷങ്ങള്‍ക്ക് ശേഷം നൂതന ദൃശ്യവിസ്മയമായി 4കെ അറ്റ്‌മോസില്‍ എത്തുകയാണ്. ഒക്ടോബർ 10ന് എത്തുന്ന ചിത്രത്തിന്റെ ഈ പുതിയ പതിപ്പ് അന്നത്തേ പോലെതന്നെ പ്രിയപ്പെട്ട പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു," മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

2001ല്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു' വലിയതോതില്‍ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ്. സിനിമയിലെ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍ ഇന്നും മലയാളികള്‍ക്ക് ആവേശമാണ്. 'ഛോട്ടാ മുംബൈ', 'സ്‌ഫടികം', 'ദേവദൂതൻ' എന്നീ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച സ്വീകാര്യത 'രാവണപ്രഭു'വിനും ലഭിക്കുമെന്നാണ് നിർമാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാലിന് പുറമേ, വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ.എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിലുള്ളത്.

SCROLL FOR NEXT