കൊച്ചി: മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മയുടെ ഒന്നാം ഓർമദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മോഹന്‍ലാല്‍. നടിയുടെ ചിത്രം പങ്കുവച്ച മോഹന്‍ലാല്‍ 'ഓർമപ്പൂക്കള്‍' എന്നാണ് കുറിച്ചത്. നിരവധി സിനിമകളില്‍ തന്റെ അമ്മ വേഷം ചെയ്തിട്ടുള്ള കവിയൂർ പൊന്നമ്മയുമായി നടന് വലിയ ആത്മബന്ധമാണുള്ളത്. ഇക്കാര്യം താരം തന്നെ പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്.
കവിയൂർ പൊന്നമ്മയുടെ വിയോഗത്തില്‍ നടന്‍ കുറിച്ച വാക്കുകളില്‍ പെറ്റമ്മയോടുള്ളതിന് സമാനമായ സ്നേഹം പ്രകടമായിരുന്നു. അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ എന്ന് തന്നെയാണ് ആ അനുസ്മരണ കുറിപ്പ് ആരംഭിച്ചതും.
"പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും," മോഹന്‍ലാല്‍ ആ ദിനം കുറിച്ചു.
അഭിനയിച്ചഭിനയിച്ച് മോഹന്‍ലാല്‍ തനിക്ക് മകനായി മാറിയെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. "ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. പ്രേക്ഷകരില്‍ പലരും ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. ഒരിക്കല്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ പ്രായം ചെന്ന ഒരു അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെക്കുറിച്ചായിരുന്നു. ഞാന്‍ പ്രസവിച്ചില്ലെങ്കിലും മോഹന്‍ലാല്‍ എന്റെ മകന്‍ തന്നെയാണ്...," എന്നാണ് നടി പറഞ്ഞത്.
1962ൽ ഇറങ്ങിയ 'ശ്രീരാമ പട്ടാഭിഷേകം' ആണ് കവിയൂർ പൊന്നമ്മയുടെ ആദ്യ ചിത്രം. ആറരപതിറ്റാണ്ട് നീണ്ട കരിയറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മുന്‍നിരതാരങ്ങളില്‍ പലരുടെയും അമ്മയായി കവിയൂർ പൊന്നമ്മ. 53 കാരനായ സത്യനും 33 കാരനായ മധുവിനും അമ്മയായി അഭിനയിക്കുമ്പോള്‍ 20 വയസായിരുന്നു പൊന്നമ്മയുടെ പ്രായം. മോഹന്‍ലാലിനൊപ്പം 50ല്‍ അധികം അമ്മവേഷങ്ങളാണ് നടി ചെയ്തത്. 2021ല്‍ റിലീസ് ചെയ്ത 'ആണും പെണ്ണു'മായിരുന്നു അവസാന ചിത്രം.