മോഹന്‍ലാല്‍ തന്റെ 360-ാമത്തെ സിനിമ ചെയ്യുന്നത് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പമാണ്. എല്‍ 360 എന്ന് വിളിക്കുന്ന ചിത്രം നിലവില്‍ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. 2024 ഒക്ടോബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് നേരത്തെ വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 20 ദിവസത്തെ ഷൂട്ട് കൂടി ചിത്രത്തിന്റെതായി ബാക്കിയുണ്ടെന്നാണ് പറയുന്നത്.
ചിത്രം അടുത്തതായി ചെന്നൈ ലൊക്കേഷനില്‍ ആയിരിക്കും ചിത്രീകരിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ആഴ്ച്ച മാത്രമായിരിക്കും ചെന്നൈയിലെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
അതിന് ശേഷം തരുണ്‍ മൂര്‍ത്തിയും ടീമും പാലക്കാട്ടേക്ക് തിരിക്കും. ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂള്‍ അവിടെ വെച്ചായിരിക്കും ചിത്രീകരിക്കുക. പാലക്കാട് ഷെഡ്യൂളിന് ശേഷം തൊടുപുഴയില്‍ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മോഹന്‍ലാലിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ചിത്രീകരണം പൂര്‍ത്തിയായെന്നും ബാക്കിയുള്ള ഷെഡ്യൂളുകളില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ALSO READ : 'ഒന്നോ രണ്ടോ ടേക്കിനുള്ളില്‍ എല്ലാം ഓക്കെയാക്കുന്ന അത്ഭുത മനുഷ്യന്‍, മോഹന്‍ലാല്‍'; തരുണ്‍ മൂര്‍ത്തി അഭിമുഖം
മോഹന്‍ലാലിനൊപ്പം ശേഭനയും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററിലെത്തുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് അത് 2024 ഡിസംബര്‍ റിലീസ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രം 2025 ജനുവരിയിലായിരിക്കും തിയേറ്ററിലെത്തുക. സുനില്‍ കെആറും തരുണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. രജപുത്ര വിഷ്വല്‍ മീഡിയയാണ് നിര്‍മാണം.