രജനികാന്ത് - നെൽസൺ ദിലീപ് കുമാർ ചിത്രം 'ജയിലർ 2'ലെ മോഹൻലാലിന്റെ ഭാഗങ്ങൾ വെട്ടിമാറ്റിയെന്ന് നടന്റെ സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ. മോഹൻലാലിന്റെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകൾ പൂർണമായും വെട്ടിമാറ്റിയെന്നും ട്രെയ്ലറിലുണ്ടായിരുന്ന രംഗം പോലും ഒഴിവാക്കിയെന്നും ജിഷാദ്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.
എന്നെ സ്നേഹിക്കുന്ന, പിന്തുണയ്ക്കുന്നവരോട്:
'ജയിലർ 2' സിനിമയുടെ റിലീസിനോടനുബന്ധിച്ച് പ്രധാനപ്പെട്ട ഒരു വിവരം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു!!
ചിത്രീകരിച്ച ഭാഗങ്ങൾ വച്ച് നോക്കുമ്പോൾ ഞങ്ങളുടെ കഠിനാധ്വാനത്തിൽ എനിക്ക് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു - ട്രെയ്ലറിൽ വെറും രണ്ട് സെക്കൻഡ് മാത്രം കാണിച്ചപ്പോൾ പോലും. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ, മോഹൻലാൽ സാറിന്റെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകൾ പൂർണമായും വെട്ടിമാറ്റി, ട്രെയ്ലറിലുണ്ടായിരുന്ന ആ രംഗം പോലും ഒഴിവാക്കപ്പെട്ടു.
സിനിമയിലെ എന്റെ അനുഭവത്തിൽ, മോഹൻലാൽ സാറിനെപോലൊരു സൂപ്പർതാരത്തിന്റെ രംഗങ്ങൾ വെട്ടിമാറ്റുന്നത് തികച്ചും അനാവശ്യമാണ്.
നമ്മുടെ സൂപ്പർതാരം ഇത്തരത്തിൽ ഒതുക്കപ്പെടുന്നത് കണ്ടുകൊണ്ട്, ഇതിനൊരു സീക്വൽ ഉണ്ടായാൽ ഞാൻ അതിന്റെ ഭാഗമാകില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
ഞാൻ സൗജന്യങ്ങൾക്കോ, ലാഭങ്ങൾക്കോ, കോടി ക്ലബ്ബുകൾക്കോ, താരപദവിക്കോ വേണ്ടിയല്ല നിലകൊള്ളുന്നത്. ഞാൻ ആരാധകർക്കും, സിനിമയെ സ്നേഹിക്കുന്നവർക്കും, മോഹൻലാൽ സാറിനും വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. എന്റെ യാത്രയിൽ എപ്പോഴും ഒപ്പം നിന്നതിന് നന്ദി.
റിലീസിന് മണിക്കൂറുകൾക്ക് മുൻപ് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ട വീഡിയോയിൽ 'ജയിലർ' പോലെയാകില്ല 'ജയിലർ 2' എന്ന് നെൽസൺ വ്യക്തമാക്കിയിരുന്നു. അതിഥി വേഷങ്ങളിൽ എത്തുന്ന താരങ്ങളുടെ സ്ക്രീൻ സ്പേസ് കുറവായിരിക്കുമെങ്കിലും അവരുടെ സീനുകൾ വിനോദപ്രദമായിരിക്കുമെന്നാണ് സംവിധായകൻ പറഞ്ഞത്.
സിനിമയുടെ ദൈർഘ്യം കുറയ്ക്കാനായി ചില കാമിയോ സീനുകൾ വെട്ടിക്കുറച്ചെന്ന് നേരത്തെ റിപ്പോർട്ടുകളും വന്നിരുന്നു. അപ്പോഴും, 'ജയിലറി'ൽ കയ്യടി വാങ്ങിക്കൂട്ടിയ മോഹൻലാൽ കഥാപാത്രത്തിന്റെ ഭാഗങ്ങൾ വെട്ടിമാറ്റില്ലെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.