MOVIES

'പ്രണയത്തിലൂടെയുള്ള ഒരു യാത്ര'; അനൂപ് മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷന്‍ കമ്പനി കൂടി എത്തുകയാണ്

Author : ന്യൂസ് ഡെസ്ക്


നടനും സംവിധായകനുമായ അനൂപ് മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷന്‍ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ വിശദാംശങ്ങള്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. അനൂപ് മേനോന്‍, നിര്‍മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുണ്‍ ചന്ദ്രകുമാര്‍, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് അദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹന്‍ലാല്‍ കുറിച്ചു. മികച്ച പിന്നണി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ടൈംലെസ് സിനിമാസ് നിര്‍മിക്കുന്ന ഈ ചിത്രത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടണ് അദേഹം കുറിപ്പ് അവസാനിക്കുന്നത്.

മലയാള സിനിമാ രംഗത്തേക്ക് എത്തിയ പുതിയ നിര്‍മ്മാണ കമ്പനിയാണ് ടൈംലെസ് സിനിമാസ്. ഉടന്‍ തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന മറ്റ് പ്രോജക്ടുകളുടെ പ്രഖ്യാപനങ്ങളും ടൈംലെസ് സിനിമാസിന്റേതായി ഉണ്ട്. മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിക്കു എന്നതാണ് ടൈംലെസ് സിനിമാസിന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചന്ദ്രകുമാര്‍ പറഞ്ഞു.

നിലവില്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രമായ ഹൃദയപൂര്‍വ്വത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മാളവിക മോഹനന്‍ ആണ് നായിക എന്നാണ് സൂചന. തുടരുമാണ് റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയാണ് നായികയാവുന്നത്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാനാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. പൃഥ്വിരാജ് സുകുമാരാന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 27നാണ് തിയേറ്ററിലെത്തുന്നത്.


SCROLL FOR NEXT