മോഹന്‍ലാല്‍ Source : The Complete Actor, Facebook
MOVIES

L365ല്‍ മോഹന്‍ലാല്‍ പൊലീസ്? ഡാന്‍ ഓസ്റ്റിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത് ത്രില്ലര്‍

ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് രതീഷ് രവി ആണ്.

Author : ന്യൂസ് ഡെസ്ക്

'തുടരും' സിനിമയുടെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളാണ് 'ഹൃദയപൂര്‍വവും' 'ദൃശ്യം 3'യും. ഇപ്പോഴിതാ ഒരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ നായകനാവാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇന്നലെയാണ് നടന്നത്. L365 എന്നാണ് ചിത്രത്തിന് നിലവില്‍ കൊടുത്തിരിക്കുന്ന പേര്. തല്ലുമാല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനായും, അഞ്ചാംപാതിരയിലൂടെ ചീഫ് അസ്സോസിയേറ്റായും ശ്രദ്ധനേടിയ ഡാന്‍ ഓസ്റ്റിന്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററില്‍ വാഷ് ബേസിന് സമീപം തൂക്കിയിട്ടിരിക്കുന്ന പൊലീസ് യൂണിഫോം കാണാം. ചിത്രം ഒരു ത്രില്ലറായിരിക്കുമെന്നും സൂചനയുണ്ട്. വരും ദിവസങ്ങളില്‍ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.

ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് രതീഷ് രവി ആണ്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്. ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും.

അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വമാണ്' റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. ഓണം റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. അഖില്‍ സത്യന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ്. കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും 'ഹൃദയപൂര്‍വ്വ'മെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു.

SCROLL FOR NEXT