ബറോസ് 
MOVIES

മോഹന്‍ലാലിന്‍റെ 'ബറോസ്' ഓണത്തിന് എത്തില്ലേ? റിലീസ് നീട്ടിയെന്ന് റിപ്പോര്‍ട്ട്

ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12-ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം.

Author : ന്യൂസ് ഡെസ്ക്

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ത്രീ.ഡി ചിത്രം ബറോസിന്‍റെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്. ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12-ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാല്‍ സിനിമയുടെ റിലീസ് ഒക്ടോബറിലേക്ക് മാറ്റിയതായി തിയേറ്റര്‍ ഉടമകളെ ഉദ്ധരിച്ച് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള എക്സില്‍ കുറിച്ചു. എന്നാല്‍ സിനിമയുടെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ അടുത്തിടെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ബറോസിന്‍റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. ചിത്രത്തിലെ ട്രെയിലര്‍ ഉടന്‍ പുറത്തുവിടും. റീ റെക്കോര്‍ഡിങ് അടക്കമുള്ള ജോലികളും വിദേശത്ത് പൂര്‍ത്തിയായിരുന്നു.

മലയാളത്തിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. സംവിധാനത്തിനൊപ്പം സിനിമയിലെ പ്രധാന കഥാപാത്രമായ നിധികാക്കും ഭൂതത്തിന്‍റെ വേഷം അവതരിപ്പിക്കുന്നതും മോഹന്‍ലാലാണ്. 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ഇന്ത്യയിലെയും വിദേശത്തെയും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സന്തോഷ് രാമനാണ് കലാസംവിധാനം. ലിഡിയന്‍ നാദസ്വരമാണ് ബറോസിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT