ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തുമ്പോൾ അത് മലയാളത്തിനും അഭിമാനമാണ്. പതിറ്റാണ്ടുകളായി കണ്ടു കൊണ്ടാടുന്ന ആ പ്രതിഭയ്ക്ക് പുരസ്കാരം വൈകിയോ എന്നേ ഓരോ മലയാളിയും ചിന്തിക്കൂ. എന്നാൽ കാലത്തിൻ്റെ കാവ്യമനോഹാരിത തന്നെയാണ് ഇപ്പോഴത്തെ ഈ പുരസ്കാര നേട്ടം. അത് ഇന്ത്യൻ സിനിമയ്ക്ക് സമഗ്ര സംഭാവനയ്ക്കു മാത്രമല്ല, തലമുറകളെ അത്രമേൽ വിസ്മയിപ്പിച്ച നടൻ, തന്നെ വീണ്ടും അടയാളപ്പെടുത്തുകയാണ്.
വാനപ്രസ്ഥം സിനിമയിൽ മോഹൻലാൽ പൂതനയായി കഥകളി വേഷം കെട്ടിയാടുന്ന ഒരു രംഗമുണ്ട്. കുഞ്ഞായ കണ്ണന് മുലപ്പാൽ നൽകുന്ന പൂതനമോക്ഷമാണത്. മറച്ചു പിടിച്ചിട്ടും അറിയാതെ തെളിഞ്ഞു വരുന്ന പൂതനയിലെ മാതൃത്വം. മുഖത്ത് ഭാവങ്ങൾ മിന്നിമാറുന്ന അവിസ്മരണീയമായ നിമിഷം. പൂതനയുടെ മരണരംഗത്തിൽ, ശരീര ചലനങ്ങൾക്കൊപ്പം മൂക്കിൽ കെട്ടിയിട്ടുള്ള മണിയുടെ ചലനമുണ്ട്. മരണം സംഭവിക്കുമ്പോൾ ആ മണി പതിയെ നിശ്ചലമാവുന്നു. അവിടെ ശരീര ചലനങ്ങൾക്കൊപ്പം ശ്വാസോശ്ചാസത്തിൻ്റെ അപാരമായൊരു നിയന്ത്രണമുണ്ട്. കഥാപാത്രത്തിൻ്റെ മരണം സംഭവിക്കുന്ന രംഗത്തിൽ മോഹൻലാൽ എന്ന നടൻ പോലും അറിയാതെ സംഭവിക്കുന്ന പ്രക്രീയയാണ്. ഒടുവിൽ ശ്വാസം നിലയ്ക്കുമ്പോൾ മണി പൂർണമായും നിശ്ചലമാകുന്നു.
കഥാപാത്രത്തിൻ്റെ പൂർണതയെ ശരീരംകൊണ്ടും ശാരിരംകൊണ്ടും പകർന്നാടുമ്പോൾ മോഹൻലാൽ എന്ന നടന് മാത്രം സാധ്യമാകുന്ന ഒരു പരകായപ്രവേശമാണത്. വാനപ്രസ്ഥത്തിലെ കുഞ്ഞൂട്ടനിലൂടെ മികച്ച നടനായി ദേശിയ പുരസ്കാരം നേടിയപ്പോൾ ആ ചെറു ചലനത്തിലെ നിയന്ത്രണത്തെക്കുറിച്ചും ചോദ്യമുയർന്നു. അത് ബോധപൂർവ്വം ചെയ്യുന്നതല്ല, താനേ സംഭവിക്കുന്നതെന്നാണെന്നായിരുന്നു ആ നടൻ്റെ മറുപടിയും. ഇന്ന് രണ്ടരപ്പതിറ്റാണ്ടിനു ശേഷം ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തേടിയെത്തുമ്പോഴും അതേ നടനഭാവവും സൂക്ഷ്മാംശവും ഓരോ കഥാപാത്രങ്ങളിലുമുണ്ട്. അബോധമായ ഇടപെടലുകളുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ നാലരപ്പതിറ്റാണ്ടിൻ്റെ ആ നടനഭാവത്തിനെ രാജ്യം തന്നെ അഭിമാനമാക്കുകയാണ് ഫാൽക്കെ പുരസ്കാരത്തിലൂടെ. അപ്പോഴും അയാൾ നന്ദി പറയുകയാണ് മലയാള സിനിമ ലോകത്തോട് തന്നെ.
ദാദാ സാഹിബ് പുരസ്കാരം പ്രഖ്യാപിച്ചുള്ള കേന്ദ്രസർക്കാരിൻ്റെ പത്രക്കുറുപ്പിൽ ഇങ്ങനെയാണ് കുറിക്കുന്നത്. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നു. അദ്ദേഹത്തിൻ്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം. അത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയതാണ്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് ആ സിനിമാ യാത്ര. ആ വാക്കുകളോരോന്നും വിശേഷണങ്ങൾക്ക് അപ്പുറം വാസ്തവാണ്. ഇന്ത്യൻ സിനിമയിൽ തന്നെ അതുല്യനാണ് താനെന്ന് പതിറ്റാണ്ടുകൾക്കു മുൻപേ വെള്ളിത്തിരയിൽ അടയാളപ്പെടുത്തിയിട്ടുള്ളതാണ്. പലകാലങ്ങളിൽ നവരസങ്ങളിലെ അഗ്രഗണ്യത പ്രേക്ഷകരും നിരൂപകരും കണ്ട് ഭ്രമിച്ചിട്ടുള്ളതുമാണ്.
സംഗീതത്തിനും സാഹോദര്യത്തിനുമിടയിലെ കടുത്ത സംഘർഷത്തിൽ പെട്ടുപോയ പാവം ഗായകൻ കല്ലൂർ ഗോപിനാഥൻ ആത്മവ്യധയോടെ പാടുമ്പോൾ ഉള്ളു പിടിഞ്ഞത് ഓരോ പ്രേക്ഷകൻ്റെയുമാണ്. മികച്ച നടനെന്ന മേൽവിലാസം ദേശിയതലത്തിൽ പതിപ്പിക്കുന്നത് അന്ന് 31-ാം വയിസിൽ. പിന്നീട് വേദിയിൽ പച്ചവേഷങ്ങളാടുന്ന വാനപ്രസ്ഥത്തിലെ കഥകളി നടൻ കുഞ്ഞിക്കുട്ടൻ. കലയിൽ കഥാപാത്രവും കലാകാരനും തമ്മിലുള്ള വൈരുദ്ധ്യാത്മകത തിരിച്ചറിയുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന കുഞ്ഞിക്കുട്ടൻ. നടനും ജീവനും ഒന്നായി മാറുന്ന നിമിഷങ്ങൾ. ദേശിയ തലത്തിലെ ആ നേട്ടങ്ങളുടെ ഉന്നതിയാണ് രാജ്യം അംഗീകരിച്ച ഇപ്പോഴത്തെ പുരസ്കാരം.
പുരസ്കാരങ്ങൾകൊണ്ട് മാറ്റുരയ്ക്കാനാവില്ലെങ്കിലും, മികച്ച നടനായി ആദ്യ പുരസ്കാരം മോഹൻലാലിനെ തേടിയെത്തുന്നത് അയാളുടെ 26-ാം വയസിലാണ്. അതികായന്മാർ പലർ വാണിടത്ത് പലകുറി മികച്ച നടനായി ദേശം അംഗീകരിച്ചു. ആ ഗരിമ ദേശാതിർത്തികൾക്കും അപ്പുറമായിരുന്നു. പത്മശ്രീയും പത്മഭൂഷണും ലെഫ്റ്റനൻ്റ് കേണൽ ബഹുമതിയുമൊക്കെയായി രാജ്യം ബഹുമാനിച്ച പതിറ്റാണ്ടുകൾ. അത് ഇന്നെത്തി നിൽക്കുന്നത് ഇപ്പോൾ മലയാള സിനിമയെ തന്നെ അടയാളപ്പെടുത്തി, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിലും. നാളുകൾക്കു മുൻപ് വന്നു പതിച്ച ഓരോ കല്ലേറുകളും ഈ ഒറ്റ പുരസ്കാരത്തിലൂടെ അയാൾ പൂച്ചെണ്ടുകളാക്കി മാറ്റിയിരിക്കുന്നു. അതേ, രാജ്യത്തിൻ്റെ പരമോന്നത പുരസ്കാരത്തിന് പൂർണത വേണമെങ്കിൽ മോഹൻലാലിൻ്റെ കൈകളിൽ വന്നു പതിക്കേണ്ടത് അനിവാര്യമായിരുന്നു.