MOVIES

സിനിമ നയരൂപീകരണ സമിതിയിലെ മുകേഷിന്‍റെ അംഗത്വം; സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുന്നവെന്ന് ഷാജി എന്‍. കരുണ്‍

നയരൂപീകരണ സമിതിയിലെ മുകേഷിന്‍റെ അംഗത്വത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് സമിതി അധ്യക്ഷന്‍ ഷാജി എന്‍ കരുണ്‍ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരിന്‍റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കിയേക്കും. നടനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. നയരൂപീകരണ സമിതിയിലെ മുകേഷിന്‍റെ അംഗത്വത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് സമിതി അധ്യക്ഷന്‍ ഷാജി എന്‍. കരുണ്‍ വ്യക്തമാക്കി. സർക്കാരിന്റെ നിർദേശത്തിന് കാത്തിരിക്കുകയാണെന്നും സ്വയം മാറി നിൽക്കണോ എന്ന് മുകേഷ് തീരുമാനിക്കട്ടെയെന്നും ഷാജി എന്‍. കരുണ്‍ പറഞ്ഞു. AMMA പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ മോഹന്‍ലാലിന്‍റെ നടപടി നല്ല മനസോടെയുള്ള തീരുമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടില്ലെന്ന നിലപാടാണ് വിഷയത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. നിയമ നടപടികള്‍ ആ വഴിക്ക് നീങ്ങട്ടെയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിലപാട്. മുകേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും എങ്കില്‍ മാത്രമെ, പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുളളു എന്ന് മുകേഷ് പറഞ്ഞു.

രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞതാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. പരാതിക്കാരി പണം ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും തനിക്കെതിരെ നടക്കുന്ന ബ്ലാക്മെയിലിംഗ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയാറല്ലെന്നും മുകേഷ് വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുകേഷ് പറഞ്ഞു.

SCROLL FOR NEXT