MOVIES

ഒരു കുടുംബത്തിന് സിനിമ കാണാൻ കരൺ ജോഹർ പറഞ്ഞതിലും പത്തിലൊന്ന് ചെലവ് മാത്രമേയുള്ളു: മറുപടിയുമായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ

നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് 1560 രൂപയാണ് ആകുന്നതെന്ന് പിവിആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

സിനിമ തിയേറ്ററുകളിലെ ടിക്കറ്റും സ്‌നാക്ക്‌സുകളും ഉയര്‍ന്ന വിലയില്‍ വില്‍പന നടത്തുന്നതിനെ വിമര്‍ശിച്ച സംവിധായകന്‍ കരണ്‍ ജോഹറിന് മറുപടിയുമായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ. സാധാരണക്കാരായ നാലംഗ കുടുംബത്തിന് ഒരു സിനിമ കണ്ടുവരാന്‍ പതിനായിരം രൂപ ചെലവ് വരുമെന്ന് കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു. എന്നാൽ കരൺ ജോഹർ പറഞ്ഞതിലും പത്തിലൊന്ന് ചെലവ് മാത്രമേ സിനിമ കാണാൻ ഒരു കുടുംബത്തിന് വേണ്ടി വരുന്നുള്ളുവെന്ന് മൾട്ടിപ്ലക്‌സ് അസോസിയേഷൻ പറഞ്ഞു.


'2023-ൽ ഇന്ത്യയിലെ എല്ലാ സിനിമാശാലകളിലുള്ള ശരാശരി ടിക്കറ്റ് നിരക്ക് 130 രൂപയായിരുന്നു. 2023 - 2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഇനോക്സിന്റെ ടിക്കറ്റ് നിരക്ക് ശരാശരി 258 രൂപയാണ്. സ്നാക്കുകൾക്കായി ഒരാൾക്ക് 132 രൂപയാണ് ചിലവാകുക. അങ്ങനെ നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് 1560 രൂപയാണ് ആകുന്നതെന്നും' പിവിആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരൺ ജോഹർ ടിക്കറ്റ് നിരക്കിനെ വിമർശിച്ചത്. ' ജനങ്ങള്‍ക്ക് സിനിമയ്ക്ക് പോകാന്‍ കഴിയുന്നില്ല. അവര്‍ക്ക് ആഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല. രണ്ട് സിനിമകള്‍ക്ക് പോകണമെന്നുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ആലോചിക്കേണ്ടി വരും, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും. ലാപതാ ലേഡീസ് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് ചെലവ് താങ്ങാന്‍ കഴിയണമെന്നില്ല.

നൂറ് വീടുകളില്‍ നടത്തിയ സര്‍വേയില്‍ 99 വീടുകളിലുള്ളവരും വര്‍ഷത്തിലൊരിക്കല്‍ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാഗത്തിന്റെ കാര്യമാണിത്. അവര്‍ക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാന്‍ കഴിയുന്നില്ല. അവര്‍ ദീപാവലിക്കോ, അല്ലെങ്കില്‍ 'സ്ത്രീ 2' പോലുള്ള ഏതെങ്കിലും സിനിമകള്‍ ചര്‍ച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങള്‍ സിനിമ തിയേറ്ററില്‍ പോകാന്‍ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികള്‍ പോപ്‌കോണോ ഐസ്‌ക്രീമോ വേണമെന്ന് പറയുമ്പോള്‍ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്'
, എന്നാണ് കരൺ ജോഹർ പറഞ്ഞത്. ഇതിന് മറുപടിയായാണ് പിവിആർ പ്രസ്താവന ഇറക്കിയത്.




SCROLL FOR NEXT