മുരളി ​ഗോപി Source : Facebook
MOVIES

കലാകാരന്‍ എന്ന നിലയില്‍ ഭയക്കുന്ന മൂന്ന് കാര്യങ്ങള്‍ എന്ത്? 'സെന്‍സര്‍ഷിപ്, സെന്‍സര്‍ഷിപ്, സെന്‍സര്‍ഷിപ്', എന്ന് മുരളി ഗോപി

സമീപകാലത്ത് സിനിമയ്ക്ക് വെല്ലുവിളി നേരിടേണ്ടി വരുക ഏത് മേഖലയില്‍ നിന്നാകുമെന്നതിന് എഐ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

ഒരു കലാകാരന്‍ എന്ന നിലയില്‍ ഭയക്കുന്ന കാര്യം സെന്‍സര്‍ഷിപ്പാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. മുരളി ഗോപി തിരക്കഥ എഴുതിയ മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം 'എമ്പുരാന്‍' സെന്‍സര്‍ വിവാദത്തില്‍ പെട്ടിരുന്നു. റിലീസിന് ശേഷം ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തത് വലിയ രീതിയില്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. അതുകൊണ്ട് തന്നെ ജനാധിപത്യ രാജ്യത്തിന് ഒട്ടും അഭികാമ്യമല്ലാത്ത കാര്യമാണ് സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഭയമില്ല. വിഷമിപ്പിക്കുന്ന, അല്ലെങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒട്ടും അഭികാമ്യമല്ലാത്ത മൂന്നു കാര്യങ്ങള്‍ ഏതെന്നു ചോദിച്ചാല്‍. സെന്‍സര്‍ഷിപ്, സെന്‍സര്‍ഷിപ്, സെന്‍സര്‍ഷിപ്", എന്നാണ് കലാകാരന്‍ എന്ന നിലിയില്‍ ഭയക്കുന്ന മൂന്ന് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് മുരളി ഗോപി നല്‍കിയ മറുപടി.

സമീപകാലത്ത് സിനിമയ്ക്ക് വെല്ലുവിളി നേരിടേണ്ടി വരുക ഏത് മേഖലയില്‍ നിന്നാകുമെന്നതിന് എഐ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. "എഐ ഇപ്പോഴും സിനിമയ്ക്ക് ഒരു ഭീഷണി ആയിട്ടില്ല. മാത്രവുമല്ല മനുഷ്യന്റെയുള്ളിലെ സര്‍ഗാത്മകതയുടെ ഒരു ദുര്‍ബലനായ ആജ്ഞാനുവര്‍ത്തിയോ സഹായിയോ ആയി നിലകൊള്ളാനേ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്കെങ്കിലും സിനിമാ മേഖലയില്‍ അതിന് സാധിക്കൂ", മുരളി ഗോപി പറഞ്ഞു.

"ഗെയ്മിങ് ഇന്‍ഡസ്ട്രിയില്‍ നിന്നാണ് സിനിമ സമീപ ഭാവിയില്‍ നേരിടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ ഭീഷണി എന്ന് തോന്നുന്നു. ഇന്ററാക്ടീവ് ഗെയ്മിങ് സിനിമയക്ക് നേരെ പ്രകടമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സമാധാനപരമായ സഹവാസം ഈ രണ്ട് ഇന്‍ഡസ്ട്രികള്‍ക്കുമിടയില്‍ ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടയിരിക്കുന്നു. ഈ ദശാബ്ദത്തിന്റെ അന്ത്യം മറ്റു പല മേഖലകള്‍ക്കും എന്ന പോലെ സിനിമയ്ക്കും നിര്‍ണായകമാണെന്നു തോന്നുന്നു", എന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT