1979 ജൂലൈ മൂന്നിന് ശേഷം അപ്രത്യക്ഷമായ കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുണ്ടായ എം.വി കൈരളി എന്ന ചരക്കുകപ്പലിന്റെ തിരോധാനത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. കോണ്‍ഫ്‌ളുവന്‍സ് മീഡിയയാണ് 'എംവി കൈരളി ദി എന്‍ഡ്യൂറിംഗ് മിസ്റ്ററി' എന്ന ചിത്രം നിര്‍മിക്കുന്നത്. ജൂഡ് ആന്റണി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജൂഡ് ആന്റണിക്കൊപ്പം അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും കോണ്‍ഫ്ളൂവന്‍സ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫുമാണ്.
എം.വി. കൈരളിയുടെ ക്യാപ്റ്റനായ മരിയാദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകന്‍, ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് (റിട്ട.) എഴുതിയ 'ദി മാസ്റ്റര്‍ മറിനര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നോര്‍വേയില്‍ നിര്‍മ്മിച്ചതും കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതുമായ, ഒരു ആധുനിക ചരക്ക് കപ്പലായിരുന്നു എം.വി. കൈരളി. 1979 ജൂണ്‍ 30-ന് ഇരുമ്പയിരുമായി ഈ കപ്പല്‍ ഗോവയില്‍ നിന്ന് യാത്ര തുടങ്ങി. എന്നാല്‍ 51 പേര്‍ അടങ്ങിയ കപ്പല്‍ ജൂലൈ മൂന്നിന് അവസാന സന്ദേശം അയച്ചതിന് ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്നു 23 പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ഈ തിരോധാനം ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തെയാണ്.
എം.വി. കൈരളിയിലെ യാത്രികര്‍ക്കുള്ള ആദരവും ഒരിക്കലും അവസാനിക്കാത്ത ഈ ദുരൂഹതയ്ക്ക് ഒരു ചലച്ചിത്രപരമായ ഒരു പരിസമാപ്തി നല്‍കാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. 'എം.വി. കൈരളിയുടെ കഥ സിനിമയാക്കുന്നതിലൂടെ, എന്റെ ഈ എളിയ ശ്രമം ആ കുടുംബങ്ങള്‍ക്ക് ഒരു ആശ്വാസമാകുമെന്ന് ഞാന്‍ കരുതുന്നു. അവരുടെ പ്രിയപ്പെട്ടവരെ ആരും മറന്നിട്ടില്ലെന്ന് ഉറപ്പ് കൂടിയാണ് ഈ സിനിമ', എന്നും ജൂഡ് വ്യക്തമാക്കി. ജീവിതത്തിലുടനീളം നീണ്ടു നിന്ന സങ്കടങ്ങള്‍ക്ക് അവസാനം വരുത്താനാണ് താന്‍ ഈ പുസ്തകം എഴുതിയതെന്ന് 'ദി മാസ്റ്റര്‍ മറിനറിന്റെ' രചയ്താവ് ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് (റിട്ട.) പറഞ്ഞു.
വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് 'ദി മാസ്റ്റര്‍ മറിനര്‍' എന്ന പുസ്തകത്തിന്റെ സഹായത്തോടെ കോണ്‍ഫ്‌ളുവന്‍സ് മീഡിയ ചിത്രത്തിന് വേണ്ടിയുള്ള കഥ തയ്യാറാക്കിയത്. കപ്പലിന്റെ യാത്ര മാത്രമല്ല, മറിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളിലേക്കും കഥ നീളുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. കേരളം, മുംബൈ,അന്തരാഷ്ട്ര തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലൊക്കേഷനുകള്‍ എന്നിവിടങ്ങളിലാകും ചിത്രീകരണം.