മുകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന 'കണ്ണപ്പ' എന്ന പുതിയ ചിത്രത്തില്‍ പരമ ശിവന്റെ വേഷമാണ് അക്ഷയ് കുമാര്‍ ചെയ്യുന്നത്. 2012 ല്‍ പുറത്തിറങ്ങിയ 'OMG! Oh My God ' എന്ന ചിത്രത്തില്‍ ഭഗവാന്‍ കൃഷ്ണനായും, 2023 ല്‍ പുറത്തിറങ്ങിയ ' OMG 2 'ല്‍ പരമ ശിവനായും അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്ന് കണ്ണപ്പയുടെ ടീസര്‍ ലോഞ്ചിനിടയില്‍ അദ്ദേഹം പറഞ്ഞു. അത്തരം അവസരങ്ങള്‍ ലഭിക്കുന്നത് അപൂര്‍വ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ അച്ഛനും ഒരിക്കല്‍ ശിവനായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ യാദൃശ്ചികമായി ഒരാള്‍ തന്റെ അച്ഛനെ സമീപിച്ച് 'ഭായ് സാബ്, ആപ് ആക്ടിംഗ് കരോഗേ ?' എന്ന് ചോദിച്ചു. ഈ ഓഫര്‍ അദ്ദേഹത്തെ ഞെട്ടിച്ചു. അവര്‍ അദ്ദേഹത്തെ സെറ്റിലേക്ക് കൊണ്ടുപോയി ശിവന്റെ വേഷം ധരിക്കാന്‍ ആവശ്യപ്പെട്ടു . ആ വേഷം വെറും 5 അല്ലെങ്കില്‍ 10 സെക്കന്‍ഡ് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ മകനും അതേ വേഷം ചെയ്യാന്‍ അവസരം ലഭിച്ചത് ഒരു വലിയ ഭാഗ്യമാണ്. മുംബൈയില്‍ നടന്ന പാന്‍-ഇന്ത്യ ചിത്രമായ കണ്ണപ്പയുടെ ടീസര്‍ ലോഞ്ചിനിടയിലാണ് അക്ഷയ് കുമാര്‍ ഈ രസകരമായ അനുഭവം പങ്കുവച്ചത്.
ടീസര്‍ ലോഞ്ചില്‍ അക്ഷയ് കുമാര്‍, മധു, വിഷ്ണു മഞ്ചു, മുകേഷ് കുമാര്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു. പ്രഭാസ്, മോഹന്‍ലാല്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വന്‍ താരനിരയാണ് ഏപ്രില്‍ 25 ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത്.