നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി 1000 കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. ഇപ്പോള്‍ എല്ലാ പ്രേക്ഷകരും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ അതേ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല.
എന്നാല്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നാഗ് അശ്വിന്‍ തന്നെ ഇതേ കുറിച്ച് സംസാരിച്ചു. 'ഞങ്ങള്‍ കല്‍ക്കി പാര്‍ട്ട് 2ന്റെ ചിത്രീകരണം 2025 പകുതിയോടെ ആരംഭിക്കും. ദീപിക പദുകോണിന്റെയും പ്രഭാസിന്റെയും ഡേറ്റുകള്‍ക്ക് അനുസരിച്ചായിരിക്കും ഷൂട്ട് ആരംഭിക്കുക. എന്തായാലും സിനിമ റിലീസ് ചെയ്യാന്‍ കുറച്ച് സമയം എടുക്കും. നിലവിലെ പ്ലാന്‍ അനുസരിച്ച് 2026 ഡിസംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനം', എന്നാണ് നാഗ് അശ്വിന്‍ പറഞ്ഞത്.
അടുത്തിടെ കല്‍ക്കി 2998 എഡി ജപാനില്‍ പ്രീമിയര്‍ ചെയ്തിരുന്നു. അവിടെ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നിരുന്നാലും പ്രഭാസ് തന്റെ കഴിവ് മുഴുവനും ആദ്യ ഭാഗത്തില്‍ കാണിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അത്തരമൊരു വിമര്‍ശനം ഉയരില്ലെന്ന് നാഗ് അശ്വിന്‍ ഉറപ്പ് പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പുതിയ താരങ്ങളും ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.