ചൈന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള 'വേട്ടുവം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.