MOVIES

സൗബിന്‍, നാഗാര്‍ജുന, ശ്രുതി ഹാസന്‍; രജനിയുടെ 'കൂലി'യില്‍ ലോകേഷിന്‍റെ മാസ്റ്റര്‍ പ്ലാന്‍

പുതിയ ചിത്രമായ കൂലിയില്‍ രജനികാന്തിനൊപ്പം വമ്പന്‍മാരുടെ നീണ്ട നിര തന്നെ ഉണ്ടാകും എന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ക്യാരക്ടര്‍ അപ്ഡേറ്റുകളില്‍ നിന്ന് ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്



മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍ ബോക്സ് ഓഫീസില്‍ നേടുന്ന വമ്പന്‍ വിജയങ്ങള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് തമിഴ് സിനിമകള്‍. പ്രധാന റോളില്‍ അഭിനയിക്കുന്നത് സൂപ്പര്‍താരം ആണെങ്കിലും സപ്പോര്‍ട്ടിങ് റോളുകളില്‍ മികച്ച താരമൂല്യമുള്ള അഭിനേതാക്കളെ അണിനിരത്തി സിനിമയുടെ ആഗോള മാര്‍ക്കറ്റിനെ വലിയ തോതില്‍ ഉയര്‍ത്താനും പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹൈപ്പ് സൃഷ്ടിക്കാനും കഴിയുന്നു. കമല്‍ഹാസന്‍റെ വിക്രമില്‍ റോളക്സായി ക്ലൈമാക്സില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തിയ സൂര്യ ഇതിന് ഉദാഹരണമാണ്. രജനിയെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറില്‍ ഇതര ഭാഷകളിലെ രണ്ട് സൂപ്പര്‍ താരങ്ങളെ (മോഹന്‍ലാല്‍, ശിവരാജ് കുമാര്‍) സപ്പോര്‍ട്ടിങ് റോളില്‍ എത്തിച്ചത് ഈ പാറ്റേണിന്‍റെ സക്സസ് റേറ്റ് ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു.

പുതിയ ചിത്രമായ കൂലിയില്‍ രജനികാന്തിനൊപ്പം വമ്പന്‍മാരുടെ നീണ്ട നിര തന്നെ ഉണ്ടാകും എന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ക്യാരക്ടര്‍ അപ്ഡേറ്റുകളില്‍ നിന്ന് ലഭിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധേയനായ സൗബിന്‍ ഷാഹിറിനെയാണ് മലയാളത്തില്‍ കൂലി സിനിമയിലേക്ക് ലോകേഷ് തെരഞ്ഞെടുത്തിരിക്കുന്നത്. ദയാല്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനായാണ് ഈ നിരയിലെ ലോകേഷിന്‍റെ അടുത്ത ചോയ്സ്. സൈമണ്‍ എന്ന കഥാപാത്രമായാണ് നാഗാര്‍ജുന രജനിക്കൊപ്പം ചിത്രത്തിന്‍റെ ഭാഗമാകുന്നത്. ആദ്യ രണ്ട് ക്യാരക്ടര്‍ പോസ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമായി ശ്രുതി ഹാസനെയാണ് അടുത്തതായി കൂലിയില്‍ ലോകേഷ് അവതരിപ്പിച്ചിരിക്കുന്നത്. പ്രീതി എന്ന കഥാപാത്രമായാണ് ഉലകനായകന്‍റെ മകള്‍ തലൈവരുടെ പടത്തില്‍ എത്തുന്നത്.

ക്യാമറയ്ക്ക് പിന്നില്‍ ഗിരീഷ് ഗംഗാധരനും സംഗീതത്തില്‍ അനിരുദ്ധുമാണ് ലോകേഷിന്‍റെ കൂട്ടാളികള്‍. ലോകേഷിന്‍റെ വിശ്വസ്തനായ എഡിറ്റര്‍ ഫിലോമിന്‍ രാജും സംഘട്ടന സംവിധാനത്തില്‍ ദേശീയ പുരസ്കാരം നേടിയ അന്‍പ് അറിവുമാണ് മറ്റ് പ്രധാന അണിയറ പ്രവര്‍ത്തകര്‍. അനൗണ്‍സ്മെന്‍റ് വീഡിയോ മുതല്‍ ക്യാരക്ടര്‍ പോസ്റ്റര്‍ വരെ പിന്തുടരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പാറ്റേണ്‍ സിനിമയുടെ ഡാര്‍ക്ക് ഷെയ്ഡിന്‍റെ സൂചനാണെന്നും അനുമാനിക്കാം. നാഗാര്‍ജുനക്ക് പുറമെ സത്യരാജ്, കന്നട താരം ഉപേന്ദ്ര, ബോളിവുഡ് താരം ആമിര്‍ ഖാന്‍ എന്നിവരും ലോകേഷിന്‍റെ ലിസ്റ്റിലുണ്ടെന്നാണ് വിവരം. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധിമാരന്‍ ആണ് കൂലി നിര്‍മിക്കുന്നത്.

SCROLL FOR NEXT