നസ്‌ലന് വേണ്ടിയെഴുതിയ സിനിമ എന്നാണ് അഭിനവ് സുന്ദർ നായക് 'മോളിവുഡ് ടൈംസ്' എന്ന തന്റെ രണ്ടാമത്തെ ചിത്രത്തെ വിശേഷിപ്പിച്ചത്. അതെന്തുകൊണ്ടെന്ന് ഈ ചിത്രം സാക്ഷ്യം പറയും. പാകത വന്നൊരു നടനെയാണ് ഈ ചിത്രത്തിൽ നസ്‌ലനിൽ കാണാൻ സാധിക്കുക. 'മോളിവുഡ് ടൈംസി'ലൂടെ ഈ വെള്ളിയാഴ്ച നസ്‌ലൻ സ്വന്തമാക്കിയിരിക്കുകയാണ്.
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ ആഖ്യാനവും അവതരണവും വേറിട്ടതാണെന്ന് തെളിയിച്ച സംവിധായകനാണ് അഭിനവ് സുന്ദർ നായക്. ആ വേറിട്ട് നിൽപ്പ് 'മോളിവുഡ് ടൈംസി'ലും സംവിധായകൻ തുടരുന്നു. ആദ്യ ചിത്രം പോലെ വിജയം തന്നെയാണ് ഈ സിനിമയുടെയും പ്രമേയം. മഹത്വം തിരഞ്ഞിറങ്ങുന്ന പല കഥാപാത്രങ്ങളെ നിങ്ങൾക്ക് ചിത്രത്തിൽ കാണാം. കാലം തങ്ങളുടെ പേര് സുവർണലിപികളാൽ അടയാളപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവർ. അതിൽ ഏറ്റവും പ്രധാനി നസ്‌ലൻ അവതരിപ്പിച്ച വിനീത് മാധവൻ എന്ന സിനിമാമോഹി തന്നെ. വിനീതിനുള്ളിലുള്ളത് സിനിമയോടുള്ള മോഹത്തേക്കാൾ ഉപരി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ആകാനുള്ള ത്വരയാണ്. അതെ മുകുന്ദൻ ഉണ്ണിയെപ്പോലെ അയാളും ഈ കാര്യത്തിൽ സ്വാർഥനാണ്. പക്ഷേ കണ്ണിച്ചോരയില്ലാത്തവൻ എന്ന് പറയാൻ സാധിക്കില്ല.
അവന് തന്റെ കഴിവിൽ നൂറല്ല, ഇരുനൂറ് ശതമാനം വിശ്വാസമുണ്ട്. "മലയാളത്തിലെ ഏറ്റവും മികച്ച സിനിമയാണ് എന്റേത്" എന്ന് പറയാനും ലോക സിനിമയിലെ മാസ്റ്റേഴ്സിനൊപ്പം ഒരു ഇരിപ്പിടം ആഗ്രഹിക്കാനും അവൻ മടിക്കുന്നില്ല. ഈ ആത്മവിശ്വാസം പക്ഷേ അഹങ്കാരമായാണ് പൊതുസമൂഹത്തിൽ പരിഭാഷ ചെയ്യപ്പെടുന്നത്.
മനോജ് നൈറ്റ്ശ്യാമളന്റെയും വിനയന്റെയും ചിത്രങ്ങൾ കണ്ടാണ് വിനീത് മാധവനിൽ സിനിമാഭ്രമം വരുന്നത്. 'ആകാശഗംഗ' എടുത്ത വിനയനെപ്പോലെ 'സൈൻസ്' എടുത്ത ശ്യാമളനെപ്പോലെ എല്ലാവരേയും ഞെട്ടിക്കുകയാണ് അവന്റെ ലക്ഷ്യം. അതിനായി പുറപ്പെട്ടിറങ്ങുന്ന അവൻ ആ വഴിയിൽ പലരേയും കണ്ടുമുട്ടുന്നു. നേരെ കതകു തുറന്നു കയറാവുന്ന ഒരു മുറിയല്ല സിനിമ എന്ന് പതിയെ അവൻ മനസിലാക്കുന്നു. കഴിവുള്ളവന്റെ നിധി കഴിവില്ലാത്തവൻ തട്ടിയെടുക്കുമെന്നും ആ നിധി അവന്റെ കഴിവ് തന്നെയാണെങ്കിൽ അവനെ വെറുക്കപ്പെട്ടവനായി ചിത്രീകരിക്കുമെന്നും തിരിച്ചറിയുന്നു. സിനിമ ഒരു വ്യവസായം കൂടിയാണെന്ന് പറയുകയാണ് അഭിനവ് സുന്ദർ നായക്. ചതി പ്രതീക്ഷിക്കണം. തോൽപ്പിക്കാൻ ലോകം മുഴുവൻ ഗൂഢാലോചന നടത്തിയേക്കും. പക്ഷേ 'ചത്താലും വില കളയരുത്' എന്ന് വിശ്വസിക്കുന്നവർക്കിടയിൽ വിനീത് മാധവൻ തോൽക്കുന്നില്ല. അവൻ തോറ്റു എന്നത് വിജയിച്ചു എന്ന് സ്വയം വിശ്വസിക്കുന്നവരുടെ മറ്റൊരു തോന്നൽ മാത്രം.
ഈ വിനീത് മാധവൻ ഒരു അൺ റിസർവ്ഡ് കാറ്റഗറിയിൽ പെടുന്ന വ്യക്തിയാണ്. അത് സിനിമയിൽ പറയുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. എന്നാൽ, റോഷൻ ഷാനവാസ് അവതരിപ്പിച്ച കൂട്ടുകാരൻ കഥാപാത്രം റിസർവേഷൻ ഉള്ളയാളാണെന്ന് പറയുകയും വിജയത്തിനൊപ്പം തുന്നിച്ചേർക്കപ്പെടുന്ന ആ ഐഡന്റിറ്റി അവൻ ഇഷ്ടപ്പെടുന്നില്ലെന്നും സിനിമ വ്യക്തമായി പറഞ്ഞുവയ്ക്കുന്നു. ഈ കഥാപാത്രം എംബിബിഎസ് പഠിച്ചാലും സിനിമ എടുത്താലും ആളുകൾ അതിനെ റിസർവേഷന്റെ ആനുകൂല്യമായാണ് കാണുന്നത്. അവന്റെ ടാലന്റ് ആരും കാണുന്നില്ല എന്നതാണ് വിനീതിന്റെ പരാതി. പക്ഷേ ആ പരാതിപ്പെടൽ ഒട്ടും ആത്മാർഥമായി തോന്നുന്നില്ല. ജീവിതപശ്ചാത്തലം വിജയത്തിന്റെ യുഎസ്പി ആകുന്നു എന്ന് പറയുകയും ഇടയ്ക്കിടെ റിസർവേഷനെ 'പ്രത്യേക പരിഗണന'യായി അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഒരു വലിയ അസംബന്ധ ക്ലീഷേയ്ക്ക് തലവച്ചുകൊടുക്കുകയാണ് സിനിമ. 'കഴിവല്ലേ നോക്കേണ്ടത് അല്ലാതെ ജാതിയല്ലല്ലോ' എന്ന പറഞ്ഞുപഴകിയ സംവരണത്തെ എതിർക്കുന്നവരുടെ പല്ലവി. അത്, ഒഴിവാക്കാമായിരുന്നു. അതുകൊണ്ട് കഥയ്‌ക്കോ കഥാഗതിക്കോ ഒരു പരിക്കും ഏൽക്കുമായിരുന്നില്ല. പക്ഷേ സംവിധായകന്റെ തീരുമാനം മറിച്ചായിരുന്നു.
എഡിറ്റർ കൂടിയായ സംവിധായകന്റെ എസ്തെറ്റിക്സ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെന്നപോലെ ഈ സിനിമയുടെ പരിചരണത്തിലും കാണാം. ഒരു കമിങ് ഓഫ് ഏജ് ഡ്രാമ എന്ന് പറയാമെങ്കിലും അത്തരം സിനിമകളിൽ സ്ഥിരം കണ്ടുവരുന്ന രംഗങ്ങൾ ഈ സിനിമയിൽ കാണാൻ കഴിയില്ല. അഭിനവ് സുന്ദർ നായക്കിന്റെ ട്രീറ്റ്‌മെന്റ് വേറെയാണ്.
ഇനി അഭിനവ് സുന്ദർ നായക്കിന്റെ ഈ 'ഹേറ്റ് ലെറ്റർ ടു സിനിമ' എല്ലാവരേയും ഞെട്ടിച്ചോ എന്ന് ചോദിച്ചാൽ... നസ്‌ലൻ എന്ന നടൻ തന്റെ പരമാവധി ഈ കഥാപാത്രത്തിനായി നൽകിയിട്ടുണ്ട്. പക്ഷേ എവിടെയൊക്കെയോ സിനിമ വൈകാരികമായി അകലയാണ്. എന്തായാലും, അഭിനവിന്റെ സക്സസ് ത്രയത്തിലെ മൂന്നാം ചിത്രത്തിനായി കാത്തിരിക്കാം.