നാസർ Source : IMDb
MOVIES

"തഗ് ലൈഫിന്റെ പരാജയത്തിന് കാരണം സോഷ്യല്‍ മീഡിയ"; ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായമാണെന്ന് നാസര്‍

വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ഗ്യാങ്‌സ്റ്റര്‍ ഡ്രാമ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാവുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

1987-ല്‍ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ്. വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ഗ്യാങ്‌സ്റ്റര്‍ ഡ്രാമ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാവുകയായിരുന്നു. സമൂഹമാധ്യമത്തില്‍ ചിത്രത്തിലെ സീനുകള്‍ വെച്ച് നിരവധി മീമുകളും പ്രചരിച്ചിരുന്നു.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ എ ആര്‍ റഹ്‌മാന്‍, സിലമ്പരസന്‍, തൃഷ, എഡിറ്റര്‍ എ ശ്രീകര്‍ പ്രസാദ്, ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ എന്നിങ്ങനെ വലിയ പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ പരാജയം എല്ലാവരെയും അത്ഭുതപ്പെടുത്തി.

ഇപ്പോഴിതാ തഗ് ലൈഫിന്റെ മോശം പ്രകടനത്തിനെതിരെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ നടന്‍ നാസര്‍ സ്‌ക്രീന്‍ മാഗസിനോട് സംസാരിച്ചിരിക്കുകയാണ്. സിനിമ പരാജയപ്പെട്ടത് കണ്ട് തനിക്ക് വളരെ അധികം വിഷമം തോന്നി എന്നാണ് അദ്ദേഹം പറഞ്ഞത്.

"40 വര്‍ഷത്തെ എന്റെ കരിയറില്‍ ഏകദേശം 700 സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം സിനിമകളില്‍ നിന്ന് ഞാന്‍ അകന്ന് നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ നന്നായി അഭിനയിച്ച പല സിനിമകളും പ്രേക്ഷകരിലേക്ക് എത്തിയില്ല. അത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് കൊണ്ട് സിനിമയുമായി ഞാന്‍ ആ അകലം പാലിച്ചു. പക്ഷെ തഗ് ലൈഫ് എനിക്ക് പ്രിയപ്പെട്ടതായിരുന്നു. എന്നെ ജനപ്രിയനാക്കുകയും കരിയറില്‍ വഴത്തിരിവാകുകയും ചെയ്ത സിനിമയുടെ ടീമിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ സന്തോഷിച്ചു. സെറ്റിലെ ആദ്യ ദിവസം 40 വര്‍ഷം പിന്നോട്ട് പോയതു പോലെയാണ് എനിക്ക് തോന്നിയത്", നാസര്‍ പറഞ്ഞു.

"രണ്ട് പ്രൊഫഷണലായ വ്യക്തികള്‍ പരസ്പരം ജോലി ചെയ്യുന്നത് ഞാന്‍ കണ്ടു. സൗഹൃദമല്ലായിരുന്നു. മറിച്ച് മണിരത്‌നം എടുക്കുന്ന ഏത് തീരുമാനവും കമല്‍ സാര്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നു. റിഹേഴ്‌സലുകള്‍ ഉള്ള ഒരു സിനിമയില്‍ വളരെ കാലത്തിന് ശേഷമാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ സിനിമയുടെ വരവിന് ശേഷം റിഹേഴ്‌സലുകള്‍ നടക്കാറില്ല. പക്ഷെ കമല്‍ സര്‍ റിഹേഴ്‌സല്‍ ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണം സമയം വളരെ മികച്ചതായിരുന്നു. അത്തരമൊരു സിനിമ സ്വീകരിക്കപ്പെടാതിരുന്നപ്പോള്‍ എനിക്ക് വിഷമം തോന്നി", അദ്ദേഹം വ്യക്തമാക്കി.

"ഇതില്‍ സോഷ്യല്‍ മീഡിയയക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ആര്‍ക്കും ഇപ്പോള്‍ സിനിമയെ വിമര്‍ശിക്കാം. സോഷ്യല്‍ മീഡിയയില്‍ ശരിയായ ക്രിട്ടിക്കുകള്‍ ഇല്ല. ചിത്രം ഒടിടിയില്‍ എത്തിയതിന് ശേഷം പലരും എന്നെ വിളിച്ച് നല്ല സിനിമയാണിതെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ഇത് പരാജയപ്പെട്ടതെന്ന് എനിക്ക് അറിയില്ല. സിനിമ ആദ്യം സ്വീകരിക്കപ്പെടാത്തതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്", നാാസര്‍ അഭിപ്രായപ്പെട്ടു.

"മണിരത്‌നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്നതില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെന്നും ഞാന്‍ കരുതുന്നു. ഞങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ആ സിനിമ ചെയ്തത്. വളരെ ആസ്വദിച്ച് തന്നെ ചെയ്തു. പക്ഷെ സിനിമയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഫലം നിശ്ചയിക്കാനാവില്ല. പക്ഷെ സിനിമ നന്നായി ചെയ്യുന്നില്ലെന്ന് കേട്ടപ്പോള്‍ എനിക്ക് സങ്കടമല്ല, അസ്വസ്ഥത തോന്നി. എന്നിരുന്നാലും ഒടിടിയില്‍ ആളുകള്‍ സിനിമ കാണാന്‍ തുടങ്ങിയതിന് ശേഷം അതില്‍ മാറ്റം വന്നിട്ടുണ്ട്", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT