MOVIES

തോക്കുമായി വരുന്ന ഗംഗ; ടോക്‌സിക്കിലെ നയന്‍താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

ഗംഗ എന്ന കഥാപാത്രമായി നയന്‍താരയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക്കില്‍ ഗംഗയായി നയന്‍താര. നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാര്‍ച്ച് 19 നാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്' റിലീസാകുന്നത്.

ഗംഗ എന്ന കഥാപാത്രമായി നയന്‍താരയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വലതു കയ്യില്‍ തോക്കുമായി കറുപ്പ് ഗൗണ്‍ അണിഞ്ഞ് നടന്നു വരുന്ന നയന്‍താരയുടെ ചിത്രമാണ് പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയന്‍താര, ടോക്‌സികില്‍ പുതിയൊരു ലുക്കിലാണ് എത്തുന്നത് എന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്.

ആഡംബരപൂര്‍ണമായ ഒരു ഗ്രാന്‍ഡ് കാസിനോ എന്‍ട്രന്‍സിന്റെ പശ്ചാത്തലത്തില്‍, തന്റേതായ ഇടത്തില്‍ നിയമങ്ങള്‍ സ്വയം നിര്‍ണ്ണയിക്കുന്ന സ്ത്രീയായാണ് ഗംഗയെ ചിത്രം അവതരിപ്പിക്കുന്നത്. ടോക്‌സിക്കില്‍ നയന്‍താരയുടെ ഇതുവരെ കാണാത്ത വേഷമായിരിക്കുമെന്നാണ് സംവിധായക ഗീതു മോഹന്‍ദാസ് പറഞ്ഞത്.

യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വഹിച്ച്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രീകരിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി പി അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ ജെ പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കേച ഖംഫാക്ഡീയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.

കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട് കെ നാരായണയും യാഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീര്‍ഘമായ ഉത്സവ വാരാന്ത്യമായ 2026 മാര്‍ച്ച് 19-നാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

SCROLL FOR NEXT