MOVIES

2024ല്‍ ഇരട്ടിമധുരമായി നസ്രിയയുടെ സൂക്ഷ്മദര്‍ശിനി

സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന നിരവധി വ്യത്യസ്ത സിനിമകള്‍ മലയാളത്തില്‍ കാലങ്ങളായി ഉണ്ടായിട്ടുണ്ട്. അതിനെ കൂടി വിജയമാക്കേണ്ടത് പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വമാണ്

Author : പ്രിയങ്ക മീര രവീന്ദ്രന്‍


2024 മലയാള സിനിമയ്ക്ക് ഗംഭീര വര്‍ഷമായിരുന്നു എന്ന് പറഞ്ഞാല്‍ ആര്‍ക്കും മറുത്തൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. ആട്ടത്തില്‍ തുടങ്ങി സൂക്ഷ്മദര്‍ശിനി വരെ എത്തി നില്‍ക്കുകയാണ് മലയാള സിനിമ. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായ മഞ്ഞുമ്മല്‍ സംഭവിച്ചതും ഈ വര്‍ഷം തന്നെയായിരുന്നു. എന്നാല്‍ ഇരട്ടിമധുരമായത് ഒരു 50 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമയാണ്. അതെ എം.സി ജിതിന്‍ സംവിധാനം ചെയ്ത് നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായ സൂക്ഷ്മദര്‍ശിനി. ചിത്രം ആഗോള തലത്തില്‍ 50 കോടിക്ക് മുകളില്‍ നേടിയിരിക്കുകയാണ്. വലിയ ബിഗ് ബജറ്റ് ചിത്രങ്ങളും അന്യഭാഷാ ചിത്രങ്ങളുമെല്ലാം വന്നെങ്കിലും സൂക്ഷ്മദര്‍ശിനി പിന്നോട്ട് പോയില്ല. ഇപ്പോഴും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് സൂക്ഷ്മദര്‍ശിനി.

ഈ 50 കോടി ഇത്ര ആഘോഷമാക്കേണ്ട ഒന്നാണോ എന്ന സംശയം ചിലപ്പോള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇത് ആഷോഷിക്കേണ്ട അഭിമാനിക്കേണ്ട കാര്യമാണ്. കാരണം ആദ്യമായാണ് മലയാളത്തില്‍ സ്ത്രീ കേന്ദ്ര കഥാപാത്രമായ ഒരു സിനിമ 50 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. ഈ വര്‍ഷം വന്ന ആട്ടവും ഉള്ളൊഴുക്കുമെല്ലാം മികച്ച പ്രതികരണങ്ങള്‍ വാങ്ങിയെങ്കിലും ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നില്ല. എന്നാല്‍ സൂക്ഷ്മദര്‍ശിനിയുടെ കാര്യം അങ്ങനെയല്ല. മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതിനൊപ്പം തന്നെ ബോക്‌സ് ഓഫീസിലും പതറാതെ മുന്നോട്ട് പോയിരിക്കുകയാണ് ചിത്രം.

സിനിമ എന്നത് കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ്. എന്നാല്‍ ഈ കോടി തിളക്കത്തിന്റെ വിജയം നസ്രിയയുടേതാണ്. കാരണം സൂക്ഷ്മദര്‍ശിനി എന്നത് ബേസിലിനേക്കാള്‍ നസ്രിയയുടെ കഥയാണ്. പ്രിയദര്‍ശിനിയുടെ സൂക്ഷ്മദര്‍ശിനി. തീര്‍ച്ചയായും സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ഈ വിജയത്തില്‍ പങ്കുണ്ട്. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് സ്ത്രീകളുടെ സിനിമ കോടി ക്ലബ്ബില്‍ ഇടം നേടി എന്നതാണ്. പിന്നെ ഇത് നസ്രിയയുടെ വിജയമായി കാണേണ്ടത് അത്യാവശ്യമാണ്. കാരണം 2024 ഹിറ്റായ സിനിമകളാണ് ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം എന്നിവ. ഇതിലൊക്കെ കേന്ദ്ര കഥാപാത്രങ്ങളായത് പുരുഷന്‍മാരായിരുന്നു. സ്ത്രീകളെവിടെ എന്ന തരത്തില്‍ ചര്‍ച്ചാവുകയും ചെയ്തിരുന്നു ഇത്തരം സിനിമകള്‍. എന്നാല്‍ 2024 അവസാനിക്കുമ്പോള്‍ അതിന് മാറ്റം വന്നിരിക്കുകയാണ്. തിരിച്ചുവരവില്‍ അര്‍ദ്ധ സെഞ്ച്വറി അടിച്ചിരിക്കുകയാണ് നസ്രിയ.

നസ്രിയയുടെ സിനിമ 50 കോടി ക്ലബ്ബില്‍ ഇടം നേടി എന്ന് പറയുമ്പോള്‍, അത് മലയാളി പ്രേക്ഷകരുടെ മാറുന്ന ആസ്വാദന രീതിയെ കൂടിയാണ് കാണിക്കുന്നത്. നല്ല കണ്ടന്റാണെങ്കില്‍ എന്നും മലയാളികള്‍ സിനിമയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മലയാളത്തില്‍ നിരവധി സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അതിനൊന്നും ലഭിക്കാത്ത തരത്തിലുള്ള സ്വീകാര്യതയും സ്‌നേഹവുമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലയാള സിനിമ ഈ വര്‍ഷം പല തരത്തിലുള്ള മാറ്റത്തിലൂടെയും കടന്ന് പോയിരുന്നു. അതിന്റെ ഭാഗമായി തന്നെയാണ് നസ്രിയയുടെ സിനിമ ബോക്‌സ് ഓഫീസില്‍ പ്രേക്ഷകര്‍ വിജയമാക്കിയത്. ഇത് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ആദ്യത്തെ സംഭവം ഒന്നുമല്ല. ഹിന്ദി സിനിമ മേഖലയില്‍ സ്ത്രീകളുടെ സിനിമ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ അത് സംഭവിക്കാന്‍ 2024 വരെ കാത്തിരിക്കേണ്ടി വന്നു. എന്നിരുന്നാലും ഇത് ഒരു പ്രതീക്ഷയാണ്. സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സിനിമാസ്വാദകര്‍ക്കുമെല്ലാം മുന്നിലുള്ള പ്രതീക്ഷ.

കാരണം അഭിനേതാക്കളുടെ വേതനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എടുത്ത് പറയുന്ന കാര്യമാണ് മാര്‍ക്കറ്റ് വാല്യു. നസ്രിയ ഇവിടെ തെളിയിച്ചിരിക്കുകയാണ്, ഞാന്‍ വന്നാല്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തുമെന്ന്. ഇത്തരം സിനിമകള്‍ വിജയമാകുന്നത് മലയാളത്തിലും സാധാരണയായി മാറേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഒരു സിനിമ മേഖല എന്ന നിലയില്‍ ഇവിടം വിജയമാവുകയുള്ളൂ. എല്ലാ തരം സിനിമകളെയും പ്രേക്ഷകര്‍ സ്വീകരിച്ച വര്‍ഷം തന്നെയായിരുന്നു 2024. ഇനി മുന്നോട്ടും മലയാളി പ്രേക്ഷകര്‍ ഇത്തരത്തിലുള്ള സിനിമകളെ പിന്തുണയ്ക്കുമെന്നതില്‍ സംശയമില്ല.

മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് കുറച്ച് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായതു മുതല്‍ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്നു ആ നിമിഷങ്ങള്‍. അതില്‍ നസ്രിയയുടെ സൂക്ഷ്മദര്‍ശിനിക്കും പങ്കുണ്ടെന്നത് മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന നിരവധി വ്യത്യസ്ത സിനിമകള്‍ മലയാളത്തില്‍ കാലങ്ങളായി ഉണ്ടായിട്ടുണ്ട്. അതിനെ കൂടി വിജയമാക്കേണ്ടത് പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വമാണ്.

SCROLL FOR NEXT