നീന ഗുപ്ത Source : X
MOVIES

"നല്ല ശരീരം ഇല്ലാത്തതിനാല്‍ അവര്‍ അസൂയപ്പെടുന്നു"; കാലുകള്‍ കാണിക്കരുതെന്ന് പറഞ്ഞ കമന്റിന് നീന ഗുപ്തയുടെ മറുപടി

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിന് ഉടമയാണ് നടി നീന ഗുപ്ത.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം നീന ഗുപ്ത തന്റെ ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതില്‍ എന്നും പ്രശംസ ഏറ്റു വാങ്ങിയിട്ടുണ്ട്. നീന ധരിക്കുന്ന വസ്ത്രം മുതല്‍ ജീവിത ശൈലി വരെയുള്ള കാര്യങ്ങള്‍ പല സ്ത്രീകള്‍ക്കും പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ നീന ഗുപ്ത മുട്ട് വരെ നീളമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അതിന് താഴെ നടിയെ ബോഡി ഷെയിം ചെയ്യും വിധത്തില്‍ ഒരു സ്ത്രീ കമന്റ് ചെയ്യുകയും ചെയ്തു. അതിന് നീന ഗുപ്ത നല്‍കിയ മറുപടിയാണിപ്പോള്‍ ചര്‍ച്ചയാവുന്നത്.

വീഡിയോയില്‍ നീന ഒരു ചപ്പാത്തി റോള്‍ കഴിക്കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന നീന റെസിപ്പിയും പങ്കുവെക്കുന്നുണ്ട്. "വളരെ നന്നായിട്ടുണ്ട്. പക്ഷെ ഒരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ കാല്‍ കാണിക്കരുത്. അത് അത്ര ഭംഗിയില്ല. മുത്തശ്ശിമാരും അമ്മമാരും ഇത്തരത്തില്‍ കാലുകള്‍ കാണിക്കുന്നത് നമ്മള്‍ കാണാറില്ല. ഭംഗിയായി വാര്‍ദ്ധക്യത്തിലേക്ക് പോകുന്നത് വളരെ മികച്ച കാര്യമാണ്", എന്നായിരുന്നു നീനയെ ട്രോളിക്കൊണ്ട് വന്ന കമന്റ്.

കമന്റിന് വിമര്‍ശനമായി മറ്റൊരു സ്ത്രീയാണ് ആദ്യം രംഗത്തെത്തിയത്. "മറ്റൊരു സ്ത്രീയില്‍ നിന്ന് എന്തൊരു തരംതാണ അഭിപ്രായമാണ് വന്നിരിക്കുന്നത്. ഇത്രയും വലിയ ബോഡി ഷെയിമര്‍ ആയതിന് അഭിനന്ദനങ്ങള്‍", എന്നാണ് നടിയുടെ ആരാധികയായ ഒരു സ്ത്രീ കമന്റ് ചെയ്തത്. തന്നെ പിന്തുണച്ച വ്യക്തിയുടെ കമന്റിനാണ് നീന ഗുപ്ത മറുപടി നല്‍കിയത്. "വിഷമിക്കേണ്ട. ഇതുപോലെ സംസാരിക്കുന്ന ആളുകള്‍ക്ക് അത്ര നല്ല ശരീരം ഇല്ലാത്തതിന്റെ അസൂയയാണ്. അതിനാല്‍ ഇതെല്ലാം അവഗണിക്കൂ", എന്നായിരുന്നു നീനയുടെ മാസ് മറുപടി.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിന് ഉടമയാണ് നടി നീന ഗുപ്ത. സീരീയലുകള്‍, സിനിമകള്‍, ഒടിടി പരമ്പരകള്‍ എന്നിവയില്‍ നിരവധി മികച്ച വേഷങ്ങള്‍ നീന ഗുപ്ത ചെയ്തിട്ടുണ്ട്. ജീവിതത്തോടും ആളുകളോടും കഥാപാത്രങ്ങളോടുമുള്ള തന്റെ സവിശേഷമായ സമീപനത്തിലൂടെ നീന ഗുപ്ത പ്രായത്തിന്റേയും ഫാഷന്‍ മാനദണ്ഡങ്ങളുടെയും പരിധികള്‍ വീണ്ടും വീണ്ടും ബേധിച്ചുകൊണ്ടിരിക്കുകയാണ്.

സംവിധായകന്‍ അനുരാഗ് ബാസുവിന്റെ മെട്രോ ഇന്‍ ദിനോ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ആദിത്യ റോയ് കപൂര്‍, സാറാ അലി ഖാന്‍, അനുപം ഖേര്‍ തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

SCROLL FOR NEXT