MOVIES

'ഇത് കല്യാണ സീസൺ'; നാഗചൈതന്യ-ശോഭിത ധുലീപാല വിവാഹച്ചടങ്ങിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

റിപ്പോർട്ടുകളനുസരിച്ച് ഏകദേശം 50 കോടി രൂപക്കാണ് നാഗ ചൈതന്യ-ശോഭിത ജോഡിയുടെ കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കാനൊരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്



തെലുങ്ക് നടൻ നാഗചൈതന്യയുടെയും നടി ശോഭിത ദുലിപാലയുടെയും കല്യാണത്തിനായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. ഡിസംബർ നാലിന് ഹൈദരബാദിൽ വെച്ച് ഇരുവരും വിവാഹിതരാവുനെന്ന വാർത്ത പുറത്തുവന്നതോടെ, വിവാഹ സ്ട്രീമിങിനെ കുറിച്ചുള്ള ചർച്ചകളാണ് ഇൻ്റർനെറ്റിൽ ചൂടുപിടിച്ചത്. ഇപ്പോഴിതാ വിവാഹത്തിൻ്റെ സ്ട്രീമിങ് വമ്പൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചടങ്ങിൻ്റെ ചിത്രങ്ങൾക്കടക്കം സോഷ്യൽ മീഡിയയിൽ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വിവാഹത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നതോടെ, വിവാഹ വീഡിയോയുടെ പകർപ്പവകാശം വാങ്ങാനായി നിരവധി ഒ.ടി.ടി. കമ്പനികൾ നാഗ ചൈതന്യയെ സമീപിച്ചിരുന്നു. എന്നാൽ തങ്ങളുടെ വിവാഹ ദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സിന് നൽകാനായി അവർ തീരുമാനിച്ചെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് സമൂഹമാധ്യമമായ എക്സിലൂടെ വാർത്ത പുറത്തുവിട്ടത്. വിഷയത്തിൽ നാഗ ചൈതന്യയും ശോഭിതയും ഇതുവരെ പ്രതികരിച്ചിട്ടില്ല.


വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്‌ളിക്‌സിന് വില്‍ക്കുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ താരമാണ് നാഗചൈതന്യയെന്നാണ് റിപ്പോർട്ട്. നടി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവൻ്റെയും കല്യാണ വീഡിയോ ഉൾപ്പെട്ട 'നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെൻ്ററി വമ്പൻ ഹിറ്റായിരുന്നു. 25 കോടി രൂപക്കായിരുന്നു നയൻതാരയുടെ കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. എന്നാൽ റിപ്പോർട്ടുകളനുസരിച്ച് ഏകദേശം 50 കോടി രൂപക്കാണ് നാഗ ചൈതന്യ-ശോഭിത ജോഡിയുടെ കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കാനൊരുങ്ങുന്നത്.

ഹൈദരബാദിലെ ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും, സിനിമാ രംഗത്തെ പ്രമുഖരും, രാഷ്ട്രീയക്കാരും വ്യവസായികളുമുൾപ്പെടെ 300 പേരുൾപ്പെടുന്ന ചടങ്ങായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അമിതാഭ് ബച്ചൻ, ചിരഞ്ജീവി, ദഗ്ഗുബതി കുടുംബം തുടങ്ങിയവർക്ക് ഇതിനോടകം തന്നെ ക്ഷണം നൽകിയിരുന്നു.

ALSO READ: വിവാദങ്ങള്‍ക്കൊടുവില്‍ ഡോക്യുമെന്ററി എത്തി; 'നയന്‍താര :ബീയോണ്ട് ദി ഫെയറിടെയില്‍' നെറ്റ്ഫ്‌ലിക്‌സില്‍

എട്ടു മണിക്കൂർ നീളുന്ന തെലുങ്ക് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരമുള്ള വിവാഹമായിരിക്കും നടക്കുക. വിവാഹ നിശ്ചയത്തിന് സമാനമായി, പാരമ്പരാഗത ആചാരങ്ങൾക്ക് ഊന്നൽ നൽകിയുള്ള വിവാഹമായിരിക്കുമെന്നും സൂചനയുണ്ട്. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് 2021 നിന്ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു.

SCROLL FOR NEXT