ഏറെ ആരാധകരുള്ള ബ്രിട്ടീഷ് ഹിസ്റ്റോറിക്കൽ ക്രൈം ഡ്രാമ സീരീസ് ആണ് 'പീക്കി ബ്ലൈൻഡേഴ്സ്'. 2013 മുതൽ സ്ട്രീം ചെയ്ത് തുടങ്ങിയ സ്റ്റീവൻ നൈറ്റിന്റെ ഈ സീരീസ് നാല് കൊല്ലം മുൻപാണ് അവസാനിച്ചത്. ഇപ്പോഴിതാ 'പീക്കി ബ്ലൈൻഡേഴ്സ്' സിനിമ വരുന്നതിന്റെ ആവേശത്തിലാണ് സീരീസ് പ്രേമികൾ. 'പീക്കി ബ്ലൈൻഡേഴ്സ്: ദ ഇമ്മോർട്ടൽ മാൻ' എന്ന പേരിൽ നെറ്റ്‌ഫ്ലിക്സ് ആണ് ഈ സിനിമയുടെ നിർമാണവും വിതരണവും.
1940 കളിലെ ബെർമിങ്ഹാം ആണ് സിനിമയുടെ പശ്ചാത്തലം. രണ്ടാം ലോകമഹായുദ്ധത്തിന്റെ കോലാഹലങ്ങൾക്കിടയിൽ ടോമി ഷെൽബി തന്റെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പുറത്തുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഇതിവൃത്തം. "പീക്കി ബ്ലൈൻഡേഴ്‌സിന്റെ കഥയിലെ ഒരു സ്ഫോടനാത്മക അധ്യായമായിരിക്കും ഇത്. തടസങ്ങളൊന്നുമില്ല. പീക്കി ബ്ലൈൻഡേഴ്‌സ് പൂർണമായി യുദ്ധത്തിനിറങ്ങുന്നു," സിനിമയുടെ കഥാപാശ്ചാത്തലം വിവരിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് അറിയിച്ചു.
'പീക്കി ബ്ലൈൻഡേഴ്സ്' സീരീസിലെ മിക്ക താരങ്ങളും സിനിമയിലുണ്ടാകും. ഒപ്പം പുതുമുഖങ്ങളും. കിലിയൻ മർഫി ടോമി ഷെൽബിയായി എത്തുമ്പോൾ ഡ്യൂൺ താരം റെബേക്ക ഫെർഗൂസൺ ആണ് മറ്റൊരു പ്രധാനവേഷത്തിൽ കൈകാര്യം ചെയ്യുന്നത്. ടിം റോത്ത് (റിസർവോയർ ഡോഗ്സ്, ദി ഹേറ്റ്ഫുൾ എയ്റ്റ്), സോഫി റണ്ടിൽ (ആഫ്റ്റർ ദി ഫ്ലഡ്, ജെന്റിൽമാൻ ജാക്ക്), നെഡ് ഡെന്നെഹി (കൾപ്രിറ്റ്സ്, ദി പെരിഫറൽ), പാക്കി ലീ (ബ്ലൂ ലൈറ്റ്സ്), ഇയാൻ പെക്ക് (ഹിസ് ഡാർക്ക് മെറ്റീരിയൽസ്, റോബിൻ ഹുഡ്), ജെയ് ലൈക്കുർഗോ (സ്റ്റീവ്, ഹാഫ് ബാഡ്: ദി ബാസ്റ്റാർഡ് സൺ & ദി ഡെവിൾ ഹിംസെൽഫ്), ബാരി കിയോഗൻ (സാൾട്ട്ബേൺ, ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ), സ്റ്റീഫൻ ഗ്രഹാം (അഡോളസെൻസ്, എ തൗസൻഡ് ബ്ലോവ്സ്) എന്നിവരാണ് മറ്റ് താരങ്ങൾ.
അടുത്ത വർഷം മാർച്ച് ആറിന് ആണ് 'പീക്കി ബ്ലൈൻഡേഴ്സ്: ദ ഇമ്മോർട്ടൽ മാൻ' തിയേറ്ററുകളിൽ എത്തുക. തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാകും ചിത്രം പ്രദർശിപ്പിക്കുക. ഒരു മണിക്കൂർ 52 മിനുട്ട് ആണ് സിനിമയുടെ ദൈർഘ്യം. മാർച്ച് 20 മുതൽ നെറ്റ്‌ഫ്ലിക്സിലും സിനിമ സ്ട്രീം ചെയ്ത് തുടങ്ങും.