നെറ്റ്ഫ്‌ലിക്‌സ് സീരീസായ 'IC 814' ദി കാണ്ഡഹാര്‍ ഹൈജാക്കിനെ തുടര്‍ന്നുള്ള വിവാദത്തില്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് മേധാവിയെ വിളിപ്പിച്ച് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. നേപ്പാളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 814 ഹൈജാക്ക് ചെയ്തതിനെ കുറിച്ചുള്ള സീരീസാണിത്. ഇബ്രാഹിം അത്താര്‍, സണ്ണി അഹമ്മദ് ഖാസി, സഹൂര്‍ ഇബ്രാഹിം, ഷാഹിദ് അക്തര്‍, സയ്യിദ് ഷാക്കിര്‍ എന്നിവര്‍ ചേര്‍ന്നാണ് വിമാന റാഞ്ചല്‍ നടത്തിയത്. എന്നാല്‍ സീരീസില്‍ ഹൈജാക്കര്‍മാരുടെ പേര് ഭോല, ശങ്കര്‍ എന്നാക്കിയതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ മേധാവി മോണിക്ക ഷെര്‍ഗിലിനെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിളിപ്പിച്ചിരിക്കുന്നത്.
1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. യാത്ര ആരംഭിച്ച ഉടന്‍ തന്നെ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, തീവ്രവാദികളായ മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ നിര്‍ബന്ധിതരായി.
2000 ജനുവരി 6ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ഇബ്രാഹിം അത്തര്‍, ഷാഹിദ് അക്തര്‍ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിങ്ങനെയാണ് ഹൈജാക്കര്‍മാരുടെ പേരുകള്‍. എന്നാല്‍ ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍, ഭോല, ശങ്കര്‍ എന്നീ പേരുകളാണ് ഹൈജാക്കര്‍മാര്‍ പരസ്പരം വിളിച്ചിരുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പേരുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാവ് അമിത് മാല്‍വ്യയും സീരീസിന്റെ സംവിധായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നസീറുദ്ദീന്‍ ഷാ, പങ്കജ് കപൂര്‍, വിജയ് വര്‍മ്മ, ദിയ മിര്‍സ തുടങ്ങിയവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.