Image: X  
MOVIES

RRR ഉം കല്‍ക്കിയും പിന്നില്‍ നില്‍ക്കണം; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി രണ്‍ബീര്‍ കപൂറിന്റെ രാമായണ

കല്‍ക്കി 2898 AD ആയിരുന്നു ഇതുവരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുടക്കു മുതലുള്ള ചിത്രം

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സിനിമ വളരുകയാണ്, കലാപരമായി മാത്രമല്ല, സാമ്പത്തികമായും സാങ്കേതികമായുമെല്ലാം ഹോളിവുഡിനൊപ്പം നില്‍ക്കുന്ന സിനിമകളാണ് ഇന്ത്യയില്‍ ഒരുങ്ങുന്നത്. 50 കോടി രൂപ മുതല്‍ മുടക്കിയുള്ള സിനിമകള്‍ ബിഗ് ബജറ്റാണെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു, 500 ഉം 600 ഉം കോടി മുതല്‍ മുടക്കിലാണ് തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ഒരുങ്ങുന്നത്.

പ്രഭാസ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കല്‍ക്കി 2898 AD ആയിരുന്നു ഇതുവരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുടക്കു മുതലുള്ള ചിത്രം. 600 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. 1200 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം നേടിയത്.

പ്രഭാസ് തന്നെ നായകനായി എത്തിയ ആദിപുരുഷിന്റെ നിര്‍മാണ ചെലവ് 550 കോടി രൂപയായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രത്തിന് മുടക്കു മുതല്‍ പോലും തിരിച്ചു നേടാനായില്ല. 340 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ ഒന്നിപ്പിച്ച് രാജമൗലി ഒരുക്കിയ ആര്‍ആര്‍ആറിന്റെ ബജറ്റും 550 കോടിയായിരുന്നു. 1387 കോടി രൂപ തിരിച്ചുപിടിച്ച് ചിത്രം ആഗോള സെന്‍സേഷനായി. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിച്ചെത്തിയ അയാന്‍ മുഖര്‍ജി ചിത്രം ബ്രഹ്‌മാസ്ത്രയാണ് ബോളിവുഡില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം. 375 മുതല്‍ മുടക്കില്‍ ഒരുക്കിയ ഈ സിനിമയുടെ ആഗോള കളക്ഷന്‍ 431 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ കഥകളൊക്കെ പഴങ്കഥയാക്കുകയാണ് നിതേഷ് തിവാരി ഒരുക്കുന്ന പുതിയ ചിത്രം. രാമായണത്തെ ആസ്പദമാക്കി തന്നെ ഒരുക്കുന്ന നിതേഷ് തിവാരിയുടെ പുതിയ ചിത്രത്തിന്റെ ബജറ്റ് 1000 കോടിക്ക് അടുത്താണെന്നാണ് റിപ്പോര്‍ട്ട്. രാമായണ എന്ന് പേരിട്ടിരിക്കുന്ന സിനിമ രണ്ട് ഭാഗങ്ങളിലായാണ് എത്തുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

രണ്‍ബീര്‍ കപൂര്‍ ആണ് രാമന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. സായ് പല്ലവി സീതയുടെ വേഷത്തിലും ചിത്രത്തിലെത്തുന്നു. സൂപ്പര്‍ താരം യഷ് ആണ് രാവണന്‍ ആയി വേഷമിടുന്നത്. പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. ഇതുവരെ ഏകദേശം 835 കോടി രൂപ ചിത്രത്തിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുന്ന സിനിമയുടെ ബജറ്റ് ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നമിത് മല്‍ഹോത്രയുടെ തന്നെ ഉടമസ്ഥതയിലുള്ള വിഷ്വല്‍ എഫക്ട് കമ്പനിയായ DNEG ആണ് രാമായണത്തിനായി വിഎഫ്എക്‌സ് ഒരുക്കുന്നത്. എട്ട് തവണ മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള ഓസ്‌കാര്‍ നേടിയ പാരമ്പര്യവും ഈ കമ്പനിക്കുണ്ട്.

നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ക്കു പുറമെ, വിവേക് ഒബ്‌റോയ്, രാകുല്‍ പ്രീത് സിങ്, ലാറ ദത്ത, കാജല്‍ അഗര്‍വാള്‍, രവി ദുബെ, കുനാല്‍ കപൂര്‍, അരുണ്‍ ഗോവില്‍, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ദീപാവലി റിലീസായാണ് ചിത്രം എത്തുക. സിനിമയുടെ ആദ്യ അപ്‌ഡേറ്റ് നാളെ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT