നിവിന്‍ പോളി അവതരിപ്പിക്കുന്ന 'ബ്ലൂസ്' 
MOVIES

ആനിമേഷന്‍ ചിത്രവുമായി നിവിന്‍ പോളി; 'ബ്ലൂസ്' ട്രെയ്‌ലർ ഉടന്‍

സംഗീതത്തിലൂടെ നീങ്ങുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ ഒർജിനല്‍ സ്കോർ സുഷിന്‍ ശ്യാം ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പുത്തന്‍ പ്രഖ്യാപനവുമായി നടന്‍ നിവിന്‍ പോളി. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആനിമേറ്റഡ് ഷോർട്ട് ഫിലിം 'ബ്ലൂസ്' ഔദ്യോഗികമായി അവതരിപ്പിക്കുന്നതായി നടന്‍ പ്രഖ്യാപിച്ചു. 'ചില കഥകൾ കേൾക്കാൻ വാക്കുകൾ ആവശ്യമില്ല' എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ പോസ്റ്റർ നിവിന്‍ പോളി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു

രാജേഷ് പി.കെ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. റെഡ്ഗോഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഷിബിന്‍ കെ.വി, ജാസർ പി.വി, ജീത്ത്, രാജേഷ് പി.കെ. എന്നിവർ ചേർന്നാണ് ഈ ആനിമേറ്റഡ് സിനിമ നിർമിച്ചിരിക്കുന്നത്. സംഭാഷണങ്ങളില്ലാതെ സംഗീതത്തിലൂടെ നീങ്ങുന്ന ഈ ചിത്രത്തിന്റെ ഒറിജിനല്‍ സ്കോർ സുഷിന്‍ ശ്യാം ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍- ഷിജിന്‍ മെല്‍വിന്‍ ഹട്ടണ്‍ അഭിഷേക് നായർ, റീ റെക്കോർഡിങ് മിക്സർ - ഫസല്‍ എ ബക്കർ, എഡിറ്റ് - ജീത്ത്, ജേഷ് പി.കെ.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന 'ബ്ലൂ'വിന്റെ കഥയാണ് ഈ ആനിമേറ്റഡ് ചിത്രം പറയുന്നത്. വ്യവസായവൽക്കരണം തനിക്ക് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയെ കീഴടക്കുന്നത് കാണുന്ന ബ്ലൂ അവയ്ക്ക് വേണ്ടി പോരാടാന്‍ തീരുമാനിക്കുന്നു. വന്യജീവികൾ, പുൽമേടുകൾ, നദികൾ, മരങ്ങൾ എന്നിവയ്ക്ക് വേണ്ടി പൊരുതാന്‍ ഇറങ്ങുന്ന ബ്ലൂവിലൂടെയാണ് രാജേഷ് പി.കെയുടെ കഥ വികസിക്കുന്നത്.

സിഡ്നി സയന്‍സ് ഫിക്ഷന്‍ ഫിലിം ഫെസ്റ്റിവല്‍, ലോസ് ഏഞ്ചല്‍സ് ഇന്റർനാഷണല്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവല്‍, പ്ലാനറ്റ് ഇന്‍ ഫോക്കസ് അന്താരാഷ്ട്ര ചലച്ചിത്ര മേള, അക്കാദമി അംഗീകാരമുള്ള സ്പാർക്ക് ആനിമേഷന്‍ കോംപറ്റീഷന്‍ എന്നീ മേളകളിലേക്ക് 'ബ്ലൂസ്' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഹ്രസ്വ ചിത്രത്തിന്റെ ട്രയ്‌ലർ പുറത്തുവിടും.

SCROLL FOR NEXT