നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ 
MOVIES

നിവിൻ പോളി - റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ റിലീസ് ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ ഒന്നിന് ആഗോള റിലീസ്

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'യേഴു കടൽ യേഴു മലൈ' റിലീസ് ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ ഒന്നിന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. നിവിൻ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് നിർമാണം. ഗൗതം രാമചന്ദ്രൻ ചിത്രം 'റിച്ചി'ക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.

ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്‌ലർ മുന്നോട്ട് പോകുന്നത്. അതേസമയം, ചിത്രത്തിൽ ഫാന്റസിയും പ്രണയവും നർമ്മവും ആക്ഷനും വൈകാരികതയും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ടെന്ന സൂചനയും നൽകുന്നു. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന നിരവധി ദുരൂഹതകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന ചിത്രത്തിന്റെ ലോകവും കഥാപാത്രങ്ങളുടെ യാത്രയും കൂടുതൽ കൗതുകമുണർത്തുന്നതാണ്. വ്യത്യസ്തമായ കഥപറച്ചിൽ രീതിയും റാമിന്റെ സിഗ്നേച്ചർ ട്രീറ്റ്‌മെന്റും ട്രെയ്‌ലറിൽ പ്രകടമാണ്.

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന. തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഈ ചിത്രം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വി പ്രോ ബിഗ് സ്ക്രീൻ അവാർഡിനായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ ഒരു വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. രവി മരിയ, എൻ അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

രചന, സംവിധാനം: റാം, നിർമാതാവ്: സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം: യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം: എൻ. കെ. ഏകാംബരം, എഡിറ്റിംഗ്: മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ: മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ: സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി മാസ്റ്റർ, വസ്ത്രാലങ്കാരം: ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, സൗണ്ട് ഡിസൈൻ: രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ, സൗണ്ട് എഫക്റ്റ്സ്: രാജശേഖർ, വിഎഫ്എക്സ്: ബീ സ്റ്റുഡിയോ, വിഎഫ്എക്സ് ഹെഡ്: സി. ഗജേന്ദ്രൻ, വിഎഫ്എക്സ് സൂപ്പർവൈസർ: കാർത്തിക് കംബെട്ടൻ, നിശ്ചല ഛായാഗ്രഹണം: ജയകുമാർ വൈരവൻ, കളറിസ്റ്റ്: രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ, പിആർഒ: ശബരി

SCROLL FOR NEXT