പ്രതീകാത്മക ചിത്രം Source: FREEPIK
MOVIES

"സിനിമാ സെറ്റിൽ ലഹരി വേണ്ട"; പുതിയ കരാർ നാളെ മുതൽ പ്രാബല്യത്തിൽ

മലയാള സിനിമയിൽ വർധിച്ചുവരുന്ന ലഹരി ഇടപാടുകൾക്ക് പുതിയ കരാറോടെ നിയന്ത്രണം വരുത്താൻ ആകും എന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

സിനിമാ സെറ്റിൽ ലഹരി വേണ്ടെന്ന പുതിയ കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരും. ലഹരി ഉപയോഗം അവസാനിപ്പിക്കാൻ കടുത്ത തീരുമാനങ്ങളുമായി നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയതോടെയാണ് പുതിയ തീരുമാനം പുറത്തുവിട്ടത്.

ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളും സിനിമയിലെ സാങ്കേതിക പ്രവർത്തകരും സത്യവാങ്മൂലം നൽകണം. ലഹരി ഉപയോഗത്തെ തുടർന്ന് സിനിമക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ എല്ലാ സാമ്പത്തിക ഉത്തരവാദിത്വവും ആ വ്യക്തിക്ക് ആയിരിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.

അഭിനേതാക്കളും സംവിധായകരും മുതൽ മേക്കപ്പ്മാൻ മാർ വരെ ലഹരി കേസിൽ കുടുങ്ങിയതോടെയാണ് ലഹരിക്കെതിരെ നടപടിയെടുക്കാൻ നിർമാതാക്കൾ മുന്നോട്ടുവന്നത്. സിനിമ ലൊക്കേഷനിലോ പ്രൊഡക്ഷൻ വർക്കിന് ഇടയിലോ ലഹരി ഉപയോഗിക്കുകയോ ലഹരി ഇടപാട് നടത്തുകയോ ചെയ്യരുത് എന്നാണ് കരാറിലെ വ്യവസ്ഥ.

ലഹരി ഉപയോഗമോ ലഹരി ഇടപാട് മൂലമോ ഷൂട്ടിംങ് തടസപ്പെടുകയോ നിന്നു പോകുകയോ ചെയ്താൽ അതിൻ്റെ മുഴുവൻ സാമ്പത്തിക-ധാർമിക ഉത്തരവാദിത്വവും ആ വ്യക്തിക്ക് ആയിരിക്കും. ഇനി മുതൽ കരാർ ഒപ്പിടുന്ന സിനിമകളിലെല്ലാം സത്യവാങ്മൂലം ഒപ്പിട്ട് നൽകണമെന്നും നിർമാതാക്കൾ അറിയിച്ചു.

സത്യവാങ്മൂലം നൽകാത്ത അഭിനേതാക്കളെയോ സാങ്കേതിക പ്രവർത്തകരെയോ സിനിമയുടെ ഭാഗമാക്കേണ്ടതില്ല എന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. തീരുമാനത്തെ സ്വാഗതം ചെയ്ത് ഫെഫ്ക രംഗത്തെത്തിയിരുന്നു. കരാറിൻ്റെ വിശദാംശങ്ങൾ ജനറൽബോഡി യോഗത്തിൽ അമ്മയും താരങ്ങളെ അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ വർധിച്ചുവരുന്ന ലഹരി ഇടപാടുകൾക്ക് പുതിയ കരാറോടെ നിയന്ത്രണം വരുത്താൻ ആകും എന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT