'ക്ലാരാ ആന്‍ഡ് ദ സണ്‍' സിനിമ 
MOVIES

നൊബേല്‍ ജേതാവ് ഇഷിഗുറോയുടെ നോവൽ സിനിമയാകുന്നു; 'ക്ലാരാ ആന്‍ഡ് ദ സണ്‍' ട്രെയ്‌ലർ പുറത്ത്

ഓസ്കാർ ജേതാവ് ടൈക്ക വൈറ്റിറ്റി ആണ് 'ക്ലാരാ ആന്‍ഡ് ദ സണ്‍' സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

നൊബേല്‍ ജേതാവ് കസുവോ ഇഷിഗുറോയുടെ നോവല്‍ 'ക്ലാരാ ആന്‍ഡ് ദ സണ്‍' അതേപേരിൽ സിനിമയാകുന്നു. ഓസ്കാർ ജേതാവ് ടൈക്ക വൈറ്റിറ്റി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 23ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവത്തകർ പുറത്തുവിട്ടു.

ജെന്നി ഒര്‍ട്ടേഗ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ക്ലാരയായി എത്തുന്നത്. പോൾ റൂഡിനൊപ്പം അഭിനയിച്ച A24ന്റെ ഡാർക്ക് കോമഡി ചിത്രം 'ഡെത്ത് ഓഫ് എ യൂണികോൺ', ദ വീക്കെൻഡിന്റെ 'ഹറി അപ്പ് ടുമാറോ', നതാലി പോർട്ട്മാനോടൊപ്പമുള്ള സൺഡാൻസ് പ്രീമിയർ ചിത്രം 'ദ ഗാലറിസ്റ്റ്' എന്നിവയാണ് ഒർട്ടേഗയുടെ സമീപകാല സിനിമകൾ. നടി കേന്ദ്ര കഥാപാത്രമായി എത്തിയ ഹിറ്റ് നെറ്റ്ഫ്ലിക്സ് പരമ്പര 'വെനസ്ഡേ' യുടെ രണ്ടാം സീസൺ കഴിഞ്ഞ വർഷം പ്രീമിയർ ചെയ്തിരുന്നു. ഈ സീരസിന്റെ മൂന്നാം സീസണിന്റെ ജോലികൾ പുരോഗമിക്കുകയാണ്. നടിയുടെ മികച്ച സിനിമകളിൽ ഒന്നാകും 'ക്ലാരാ ആന്‍ഡ് ദ സണ്‍' എന്നാണ് ട്രെയ്‌‍ലർ നൽകുന്ന സൂചന.

ആമി ആദംസ്, മിയ താരിയ, അരാൻ മർഫി, സ്റ്റീവ് ബുസെമി, നടാഷ ലിയോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2020 ജൂലൈയിലാണ് സോണിയുടെ 3000 പിക്ചേഴ്സ് ഇഷിഗുറോയുടെ പ്രശസ്തമായ നോവലിന്റെ സ്ക്രീൻ റൈറ്റുകൾ സ്വന്തമാക്കിയത്. ഹേഡേ ഫിലിംസിന്റെ ഡേവിഡ് ഹെയ്മാൻ, ഗാരറ്റ് ബാഷ്, വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. എലിസബത്ത് ഗാബ്ലറും ഐസ്ലിൻ ഡൺസ്റ്ററുമാണ് ഈ പ്രൊജക്റ്റിന് മേൽനോട്ടം വഹിക്കുന്നത്. ഇഷിഗുരോ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. തിരക്കഥ: ടൈക്ക വൈറ്റിറ്റി, ദാഹ്വി വാലർ.

SCROLL FOR NEXT