MOVIES

"ഭൻവർ സിംഗ് ഷെഖാവത്ത് ആകാൻ ആദ്യം സമീപിച്ചത് എന്നെ"; വെളിപ്പെടുത്തലുമായി നടൻ

"കോവിഡ് കാലത്ത് മീശ വെച്ചുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കണ്ട് സംവിധായകൻ സുകുമാറും നിർമാതാവ് രവി ശങ്കറും എന്നെ സമീപിക്കുകയായിരുന്നു"

Author : ന്യൂസ് ഡെസ്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായെത്തിയ 'പുഷ്പ 1', 'പുഷ്പ 2' സിനിമകളിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഭൻവർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. എന്നാൽ, ആ കഥാപാത്രം അവതരിപ്പിക്കാൻ ആദ്യം ആലോചിച്ചിരുന്നത് മറ്റൊരു നടനെയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടനും തെലുങ്ക് സിനിമാ നിർമാതാവുമായ നാരാ രോഹിത്താണ് ഭൻവർ സിംഗ് ഷെഖാവത്ത് ആകാൻ ആദ്യം സമീപിച്ചത് തന്നെയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എം9 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നാരാ രോഹിത്ത് ഇതേക്കുറിച്ച് സംസാരിച്ചത്.

കോവിഡ് കാലത്ത് മീശ വെച്ചുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കണ്ട് സംവിധായകൻ സുകുമാറും നിർമാതാവ് രവി ശങ്കറും തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് നാരാ രോഹിത്ത് ഇതേക്കുറിച്ച് പറഞ്ഞത്. ഭൻവർ സിംഗ് ഷെകാവത്തിൻ്റെ വേഷത്തിനാണ് അവർ സമീപിച്ചതെന്നും, പിന്നീട് സിനിമയുടെ സ്പാൻ മാറിയപ്പോൾ അവർ ഫഹദ് ഫാസിലിനെ സമീപിക്കുകയായിരുന്നുവെന്നും നാരാ രോഹിത്ത് പറയുന്നു. തനിക്ക് ഈ വേഷത്തിൽ താല്പര്യമുണ്ടായിരുന്നുവെന്നും, ഫഹദിനെപ്പോലെ ഭൻവറിനെ അവതരിപ്പിക്കാൻ കഴിയുമോ എന്ന് തനിക്കറിയില്ലെന്നും രോഹിത് പറയുന്നു.

അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് 'പുഷ്പ 2'. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് 'പുഷ്പ 2' കേരളത്തിലെത്തിച്ചത്. ചിത്രത്തിൻ്റെ മൂന്നാം ഭാഗം പുഷ്പ 3 ദി റാംപേജ് റിലീസ് 2028ൽ ഉണ്ടാകുമെന്ന് സിനിമയുടെ നിർമാതാവ് രവി ശങ്കർ നേരത്തെ അറിയിച്ചിരുന്നു.

SCROLL FOR NEXT