ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ബോളിവുഡ് ചത്രമാണ് ധൂം 4. രണ്‍ബീര്‍ കപൂര്‍ ധൂം 4ല്‍ കേന്ദ്ര കഥാപാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ സമൂഹമാധ്യമത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലാണ്. രണ്‍ബീര്‍ കപൂര്‍ നായകനാവുന്നു എന്ന റിപ്പോര്‍ട്ടിനൊപ്പം തന്നെ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഫ്രാഞ്ചൈസില്‍ ഇനി മുതല്‍ ഉണ്ടാകില്ലെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. അതിന് പിന്നാലെ സിനിമയിലെ നായിക ആരാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നു. നടി ശ്രദ്ധാ കപൂര്‍ ആയിരിക്കും രണ്‍ബീറിന്റെ നായികയായി എത്തുക എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ മറ്റ് രണ്ട് നടിമാരുടെ പേരാണ് റെഡിറ്റില്‍ വന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഒന്നല്ല രണ്ട് പേര് ധൂം ഗേള്‍സ് ആയി എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി, ഷര്‍വരി എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ ഒരാള്‍ വില്ലനും ഒരാള്‍ പൊലീസുമായിരിക്കുമെന്നാണ് സൂചന. എന്നാല്‍ ആരാധകര്‍ ഇക്കാര്യത്തില്‍ നിരാശരാണ് എന്നാണ് സമൂഹമാധ്യമത്തില്‍ വരുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രത്യേകിച്ച് കിയാര അദ്വാനിയുടെ കാസ്റ്റിംഗ്. ശര്വരി കുഴപ്പമില്ല, പക്ഷെ കിയാരയെ ബോറടിച്ചു തുടങ്ങി. എല്ലാ സിനിമയിലും കിയാര ഒരേ പോലെയാണ്. എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.
വേക്ക് അപ്പ് സിദ്ദ്, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളുടെ സംവിധായകനായ അയാന് മുഖര്‍ജിയായിരിക്കും ധൂം 4 സംവിധാനം ചെയ്യുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധൂം ഫ്രാഞ്ചൈസിലെ മറ്റ് താരങ്ങള്‍ ഒന്നും തന്നെ പുതിയ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എല്ലാ ധൂം സിനിമകളിലും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യുവ താരങ്ങളിലെ വലിയ ഹീറോകളായിരിക്കും അവര്‍ക്ക് പകരം സിനിമയില്‍ ഉണ്ടാവുക. ധൂം 4 ധൂം ഫ്രാഞ്ചൈസിലെ ഏറ്റവും വലിയ ചിത്രം മാത്രമായിരിക്കില്ല. ആഗോള നിലവാരത്തിലുള്ള സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭിഷേക് ബച്ചന്, ആമിര്‍ ഖാന്, കത്രീന കൈഫ്, ഉദയ് ചോപ്ര എന്നിവരായിരുന്നു അവസാനത്തെ ധൂം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ധൂം 4 2025 അവസാനമോ 2026 ആദ്യമോ തിയേറ്ററിലെത്തുമെന്നാണ് സൂചന. നിലവില്‍ ഷര്വതി ആല്‍ഫ എന്ന യആര്എഫ് പ്രൊജക്ടിന്റെ ചിത്രീകരണത്തിലാണ്. ആലിയയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. കിയാര ഡോണ്‍ 3യില്‍ രണ്‍വീര്‍ സിംഗിന്റെ നായികയായി എത്തുമെന്നാണ് സൂചന.