സൗബിന്‍ ഷാഹിർ Source: Facebook/ Soubin Shahir
MOVIES

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കള്‍ക്ക് തിരിച്ചടി; സൗബിന്‍ ഉള്‍പ്പെടെയുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് നോട്ടീസ് നൽകി പൊലീസ്. സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവർ നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് നോട്ടീസ് നൽകിയത്.

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സിനിമയുടെ നിർമാതാക്കളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

സിനിമയ്ക്കായി ഏഴു കോടി രൂപ നിക്ഷേപിച്ച തനിക്ക് ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് മരട് പൊലീസ് നിർമാതാക്കള്‍ക്കെതിരെ കേസെടുത്തത്. ലാഭ തുക ലഭിച്ചിട്ടും പരാതിക്കാരന്റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയെന്നടക്കം ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സിറാജ് നല്‍കേണ്ടിയിരുന്ന പണം കൃത്യസമയത്ത് നല്‍കിയില്ലെന്നും അതിനാല്‍ ഷെഡ്യൂള്‍ മുടങ്ങിയെന്നും ഷൂട്ടിങ് നീണ്ടു പോയെന്നുമാണ് നിര്‍മാതാക്കളുടെ വാദം.

2024 ഫെബ്രുവരി 22നാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് തിയേറ്ററിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിനിമ മലയാളത്തിന് പുറമേ തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളും വന്‍ വിജയമായിരുന്നു. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.

SCROLL FOR NEXT