കൊച്ചി: കല്യാണി പ്രിയദർശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്ട് ചിത്രങ്ങളാണ് ഇത്തവണ ഓണം റിലീസായി എത്തിയത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര'യും ഡോമിനിക് അരുണിന്റെ സൂപ്പർ ഹീറോയിന്‍ മൂവി 'ലോക ചാപ്റ്റർ വണ്‍ ചന്ദ്ര'യും. ഇതില്‍ ലോക ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചപ്പോള്‍ അല്‍ത്താഫ് ചിത്രത്തിന് തിയേറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.
റിലീസിന് പിന്നാലെ, വലിയ തോതിലുള്ള വിർശനങ്ങളാണ് 'ഓടും കുതിര ചാടും കുതിര' നേരിട്ടത്. എന്നാല്‍, ഒടിടിയില്‍ എത്തിയതോടെ ഈ അഭിപ്രായം മാറി മറിയുന്നതാണ് കാണുന്നത്. സംവിധായകന്‍ അല്‍ത്താഫ് സിനിമയില്‍ ഒരുക്കിയ അസംബന്ധ തമാശകള്‍ (Absurd Comedy) സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രത്യേകിച്ച് ലാല്‍-സുരേഷ് കൃഷ്ണ കോംപോയില്‍ എത്തിയ രംഗങ്ങള്‍.
സെല്‍ഫ് ട്രോളുകള്‍ ഉള്‍പ്പെടെ 'ലാല്‍ ഷോ' ആണ് ഓടും കുതിര ചാടും കുതിര. അതിനൊപ്പം ഇമോഷണല്‍ രംഗങ്ങളും നടന്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ലാലിന്റെ ടീ ഷർട്ടിലെ എഴുത്തുകളില്‍ വരെ തമാശയ്ക്കുള്ള വകയുണ്ടെന്നാണ് ഒടിടിയില്‍ സിനിമ കണ്ടവരുടെ കണ്ടെത്തല്‍. പ്രേക്ഷകർക്ക് ഴോണർ പിടികിട്ടാത്തതാണ് സിനിമ തിയേറ്ററില്‍ പരാജയപ്പെടാന്‍ കാരണം എന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍. ഫഹദ്, കല്യാണി, രേവതി പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചത്. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഡബ് വേർഷനുകളും ഓടിടിയില്‍ ലഭ്യമാവും.
ജിന്റോ ജോർജ് ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. സംഗീതം - ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് - നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കലാസംവിധാനം - ഔസേപ്പ് ജോൺ, വസ്ത്രലങ്കാരം - മഷർ ഹംസ, മേക്കപ്പ് - റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ഡിക്സൺ ജോർജ്, കളറിസ്റ്റ് - രമേഷ് സി പി, ഗാനരചന - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ - ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, വിഎഫ്എക്സ് - ഡിജിബ്രിക്‌സ്, പി ആർ ഒ - എ എസ് ദിനേശ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ഡിസൈൻസ് - യെല്ലോട്ടൂത്, കോൺടെന്റ് & മാർക്കറ്റിംഗ് - പപ്പെറ്റ് മീഡിയ. വിതരണം - സെൻട്രൽ പിക്ചേഴ്സ്.