MOVIES

വണ്‍ ഡയറക്ഷന്‍ ഗായകന്‍ ലിയാം പെയ്ന്‍ മരിച്ച നിലയില്‍

ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Author : ന്യൂസ് ഡെസ്ക്


മുന്‍ വണ്‍ ഡയറക്ഷന്‍ ഗായകനായ ലിയാം പെയ്ന്‍ അന്തരിച്ചു. 31 വയസായിരുന്നു. അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ ഒരു ഹോട്ടലിന് പുറത്താണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മയക്കുമരുന്നും മദ്യവും ഉപയോഗിച്ച വ്യക്തി അക്രമാസക്തനാകുന്നു എന്ന തരത്തിലാണ് ഹോട്ടലില്‍ നിന്ന് പൊലീസിനെ അറിയിച്ചത്. ഹോട്ടലില്‍ നിന്ന് വലിയൊരു ശബ്ദം കേട്ടുവെന്നും പൊലീസ് വന്നപ്പോള്‍ ലിയാം പെയ്‌നിനെ മുറിയുടെ ബാല്‍ക്കണിയില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഹോട്ടല്‍ മാനേജര്‍ പറയുന്നു എന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാരി സ്‌റ്റൈല്‍സ്, സെയ്ന്‍ മാലിക്, നിയാല്‍ ഹൊറാന്‍, ലൂയിസ് ടോംലിന്‍സണ്‍ എന്നിവരാണ് ലിയാം പെയിനിനൊപ്പം വണ്‍ ഡയറക്ഷന്‍ ബാന്‍ഡില്‍ ഉണ്ടായിരുന്നത്. 2010ലെ എക്‌സ് ഫാക്ടര്‍ മ്യൂസിക് മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച ശേഷമാണ് ബാന്‍ഡ് രൂപീകരിക്കുന്നത്. പിന്നീട് 2016ല്‍ ബാന്‍ഡ് പിരിച്ചുവിടുകയായിരുന്നു.

SCROLL FOR NEXT