നെറ്റ്ഫ്‌ളിക്‌സ് ഷോയായ ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ പ്രിവ്യൂ ലോഞ്ച് ഇവന്റ് ഇന്നലെയാണ് മുംബൈയില്‍ വെച്ച് നടന്നത്. തന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ചടങ്ങില്‍ ഷാരൂഖ് ഖാനും സംസാരിച്ചു. സിനിമയെ കുറിച്ചും തനിക്ക് ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കിനെ കുറിച്ചും ഷാരൂഖ് ഖാന്‍ സംസാരിച്ചു.
"എന്റെ കൈയ്ക്ക് പരിക്കേറ്റു. അത് ഭേദമാകാന്‍ ഒന്നോ രണ്ടോ മാസമെടുക്കും. പക്ഷെ ദേശീയ അവാര്‍ഡ് ഉയര്‍ത്താന്‍ എനിക്ക് ഒരു കൈ മതി. ഒരു കൈ കൊണ്ട് എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും. ഭക്ഷണം കഴിക്കാനും പല്ലു തേക്കാനുമെല്ലാം കഴിയും. എന്നാല്‍ എനിക്ക് ഒരു കൈ കൊണ്ട് സാധിക്കാത്തത് നിങ്ങളുടെ സ്‌നേഹം മുഴുവന്‍ പങ്കിടാനാണ്", ഷാരൂഖ് ഖാന്‍ പറഞ്ഞു.
ദി ബാഡ്‌സ് ഓഫ് ബോളിവുഡിനെ കുറിച്ചും ഷാരൂഖ് ഖാന്‍ സംസാരിച്ചു. "സത്യം പറഞ്ഞാല്‍, ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ ടോണ്‍ മനസിലാക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. പക്ഷെ എനിക്ക് അത് മനസിലായപ്പോള്‍, ഞാന്‍ പൂര്‍ണമായും അതില്‍ ആകര്‍ഷിക്കപ്പെട്ടു. ഈ ഷോയില്‍ എനിക്ക് ശരിക്കും സന്തോഷമുണ്ട്. മുഴുവന്‍ അഭിനേതാക്കളും ഈ കഥ പറയാന്‍ ഒത്തു ചേര്‍ന്നു. അവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അതിശയിപ്പിക്കുന്ന പ്രകടനങ്ങളുണ്ട് ഷോയില്‍", ഷാരൂഖ് ഖാന്‍ വ്യക്തമാക്കി.
ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ദി ബാഡ്‌സ് ഓഫ് ബോളിവുഡ് ബിലാല്‍ സിദ്ദിഖിയും മാനവ് ചൗഹാനും ചേര്‍ന്ന് എഴുതിയതാണ്. ഗൗരി ഖാനാണ് നിര്‍മാതാവ്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സെപ്റ്റംബര്‍ 18 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.