മമ്മൂട്ടി-വിനായകൻ ചിത്രം 'കളങ്കാവൽ'  
MOVIES

അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ട് മൂന്നേ മൂന്ന് നാൾ മാത്രം...! ബുക്ക് മൈ ഷോ തൂക്കി 'കളങ്കാവൽ'

ആഗോള തലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടി, വിനായകൻ എന്നിവർ കഥാപാത്രങ്ങളായെത്തുന്ന ചിത്രം കളങ്കാവലിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം. ജിതിൻ കെ. ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ ഒന്നിന് രാവിലെ 11.11നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിങ് ഓപ്പൺ ആയത്. അഡ്വാൻസ് ബുക്കിങ് ഓപ്പൺ ആയി മിനുറ്റുകൾക്കകം തന്നെ ബുക്ക് മൈ ഷോ ആപ്പിൽ ചിത്രം ട്രെൻഡിങ്ങായി. ഇപ്പോഴിതാ ബുക്കിങ് ആരംഭിച്ചു രണ്ടു ദിവസം പിന്നിടുമ്പോൾ കേരളത്തിൽ വമ്പൻ ആദ്യ ദിന പ്രീ സെയിൽസ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

ആഗോള തലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലും ചിത്രത്തിന്റെ ടിക്കറ്റുകൾ വളരെ വേ​ഗത്തിലാണ് വിറ്റുപോകുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ആഗോളത്തലത്തിലുള്ള റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

തിങ്കളാഴ്ച ചിത്രത്തിന്റെ പ്രീ റിലീസ് ടീസറും ലോഞ്ച് ചെയ്തിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും സംവിധായകരുടെയും സാന്നിധ്യത്തിൽ, ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ടീസർ ലോഞ്ച്. പരിപാടിയിൽ നിന്നുള്ള മമ്മൂട്ടിയുടെ വാക്കുകളും, ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പൊലീസ് ഓഫീസർ ആയി വിനായകനെയും സൈക്കോ കൊലയാളി ആയി മമ്മൂട്ടിയെയും അവതരിപ്പിച്ച പ്രീ റിലീസ് ടീസറിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ക്രൈം ഡ്രാമ ത്രില്ലർ എന്ന ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമയും കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

SCROLL FOR NEXT