വിഖ്യാത നടിയും ഓസ്‌കാര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു അന്ത്യം. സ്വകാര്യത മാനിക്കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അസുഖങ്ങളെ തുടര്‍ന്ന് ഡയാന്റെ ആരോഗ്യനില വഷളായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ബുളിമിയ നെര്‍വോസ എന്ന അവസ്ഥയുണ്ടായിരുന്നതായി നടി വെളിപ്പെടുത്തിയിരുന്നു. നിയന്ത്രണമില്ലാതെ അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയാണിത്. ബുളിമിയ ബാധിച്ച വ്യക്തികള്‍ക്ക് അവരുടെ ശരീരഭാരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും അമിതമായ ആശങ്കയുണ്ടാകുകയും, ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അമിതമായി ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുറ്റബോധമുണ്ടാകുകയും അനാരോഗ്യകരമായ രീതിയില്‍ അത് പുറന്തള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.
1946 ല്‍ ലോസ് ആഞ്ചല്‍സില്‍ ജനിച്ച ഡയാന്‍ കീറ്റണ്‍ 1970 കളിലാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. 72ല്‍ അല്‍ പാച്ചിനോയ്ക്കൊപ്പം 'ഗോഡ്ഫാദര്‍' സിനിമകളില്‍ കേ ആഡംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഡയാന്റെ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്.
ഫാദര്‍ ഓഫ് ദി ബ്രൈഡ്, ഫസ്റ്റ് വൈഫ്‌സ് ക്ലബ്ബ്, ആനീ ഹാള്‍ എന്നിവയൊക്കെ ഡയാന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ആനി ഹാളിലെ പ്രകടനത്തിനാണ് 1978 ഡയാന് മികച്ച നടിക്കുള്ള ഓസ്‌കാര്‍ ലഭിച്ചത്. ആനി ഹാളിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ബാഫ്റ്റ പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു.
അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അനുഗ്രഹീത കലാകാരിയാണ് വിടവാങ്ങിയത്. 'ദി ഫാമിലി സ്റ്റോണ്‍', 'ബിക്കോസ് ഐ സെഡ് സോ', 'ആന്റ് സോ ഇറ്റ് ഗോസ്', സംവിധായകന്‍ വൂഡി അലനൊപ്പം 'പ്ലേ ഇറ്റ് എഗെയ്ന്‍', 'സ്ലീപ്പര്‍', 'ലൗവ് ആന്റ് ഡെത്ത്', 'ആനി ഹാള്‍', 'ഇന്റീരിയേഴസ്', 'മാന്‍ഹാട്ടണ്‍', 'റേഡിയോ ഡെയ്‌സ്', 'മാന്‍ഹാട്ടണ്‍ മര്‍ഡര്‍ മിസ്റ്ററി' തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
1970 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രം 'ലൗവേര്‍സ് ആന്റ് അദര്‍ സ്‌ട്രേഞ്ചേഴ്‌സ്' എന്ന ചിത്രത്തിലൂടെയാണ് ഡയാന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 2024 ല്‍ പുറത്തിറങ്ങിയ 'സമ്മര്‍ ക്യാമ്പ്' ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
അഭിനയത്തിനു പുറമേ, നിരവധി സിനിമകളും ഡയാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1987 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി 'ഹെവന്‍' ആയിരുന്നു ഇതില്‍ ആദ്യം. മരണാനന്തര ജീവിതത്തെ കുറിച്ച് ആളുകളുടെ വിശ്വാസത്തെ കുറിച്ചായിരുന്നു ഡോക്യുമെന്ററി. ഡയാന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ അണ്‍സ്ട്രംഗ് ഹീറോസ് കാന്‍ ഫിലിം ഫെസ്റ്റിവലിലെ അണ്‍ സെര്‍ട്ടൈന്‍ റിഗാര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡയാന്‍ തന്നെ പ്രധാനവേഷത്തിലെത്തിയ 2000 ല്‍ പുറത്തിറങ്ങിയ ഹാങ്ങിങ് അപ്പ് സംവിധാനം ചെയ്തതും ഡയാന്‍ തന്നെയാണ്.