MOVIES

ഓസ്‌കാര്‍ 2025 നോമിനേഷന്‍; ലോസ് ആഞ്ചലസ് കാട്ടുതീയെ തുടര്‍ന്ന് വോട്ടിങ് മാറ്റിവെച്ചു

ലോസ് ആഞ്ചലസില്‍ ഉണ്ടായ കാട്ടുതീയില്‍ അഞ്ച് പേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്


ലോസ് ആഞ്ചലസില്‍ സംഭവിച്ച കാട്ടുതീയെ തുടര്‍ന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സൈന്‍സസ് ഓസ്‌കാര്‍ നോമിനേഷന്റെ വോട്ടിങ് സമയം നീട്ടിവെച്ചു. 10000 അക്കാദമി മെമ്പര്‍മാര്‍ നടത്തുന്ന വോട്ടിങ് ജനുവരി 8നാണ് ആരംഭിച്ചത്. തുടര്‍ന്ന് ജനുവരി 12ന് അത് അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാട്ടുതീയെ തുടര്‍ന്ന് നോമിനേഷന്‍ ക്ലോസിംഗ് തിയതി ജനുവരി 14ലേക്ക് മാറ്റിയെന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത് ജനുവരി 17നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് ജനുവരി 19ലേക്ക് മാറ്റി വെച്ചു.

അക്കാദമി സിഇഓ ബില്‍ ക്രാമര്‍ അക്കാദമി അംഗങ്ങള്‍ക്ക് തീയതി മാറ്റത്തെ കുറിച്ച് ഇമെയില്‍ അയച്ചിരുന്നു. 'സദേണ്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കൊപ്പമാണ് ഞങ്ങള്‍. ഞങ്ങളുടെ അക്കാദമി അംഗങ്ങളും സിനിമ മേഖലയിലെ സഹപ്രവര്‍ത്തകരും ലോസ് ആഞ്ചലസില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയിലുണ്ട്', എന്നാണ് ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്.

ലോസ് ആഞ്ചലസില്‍ ഉണ്ടായ കാട്ടുതീയില്‍ അഞ്ച് പേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 1000ത്തോളം കെട്ടിടങ്ങള്‍ കാട്ടുതീയില്‍ പെട്ട് നശിച്ചു. കാല്‍ഫയര്‍ ഡാറ്റ അനുസരിച്ച് ലോസ് ആഞ്ചലസില്‍ ഉണ്ടായ കാട്ടുതീയില്‍ ഏറ്റവും ഭീകരമായത് ഇതായിരുന്നു.

ലോസ് ആഞ്ചലസിലെ ചില സെലിബ്രിറ്റികളുടെ വീടും കാട്ടുതീയില്‍ നശിച്ചിട്ടുണ്ട്. അമേരിക്കന്‍ നടന്‍ ബില്ലി ക്രിസ്റ്റല്‍, മോഡലും നടിയും ഡിജെയുമായ പാരിസ് ഹില്‍ട്ടണ്‍, നടന്‍ ജെയിംസ് വുഡ് എന്നിവരുടെ വീടുകളാണ് കാട്ടുതീയില്‍ നശിച്ചത്. ജെനിഫര്‍ ആനിസ്റ്റണ്‍, ബ്രാഡ്‌ലി കൂപ്പര്‍, ടോം ഹാങ്ക്‌സ്, റിസീ വിതര്‍സ്പൂണ്‍, ആഡം സാന്‍ഡ്‌ലര്‍ എന്നീ താരങ്ങള്‍ക്കും ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്ന പ്രദേശങ്ങളില്‍ വീടുണ്ട്.

SCROLL FOR NEXT