Image: Instagram NEWS MALAYALAM 24x7
MOVIES

ഈ സന്തോഷ വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നല്ലോ നമ്മള്‍; മലയാളികള്‍ ആഘോഷമാക്കിയ തിരിച്ചുവരവ്

ഏഴ് മാസമായുള്ള പ്രാര്‍ത്ഥന നിറഞ്ഞ ക്ഷമയോടുള്ള കാത്തിരിപ്പാണ് അവസാനിക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അസുഖം ഭേദമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തിരിച്ചുവരുന്നു. ഇന്ന് കേരളം കേട്ട മനോഹരമായ വാര്‍ത്ത ഇതായിരിക്കും. മലയാളികളും മലയാള സിനിമാ ലോകവും ആഘോഷമായിട്ടാണ്

മമ്മൂക്കയുടെ തിരിച്ചുവരവിനെ സ്വീകരിച്ചത്. ഏഴ് മാസമായുള്ള പ്രാര്‍ത്ഥന നിറഞ്ഞ ക്ഷമയോടുള്ള കാത്തിരിപ്പാണ് അവസാനിക്കുന്നത്...

മമ്മൂട്ടിയുടെ സന്തതസഹചാരിയായ നിര്‍മാതാവ് ആന്റോ ജോസഫും പേഴ്‌സണല്‍ സെക്രട്ടറി ആയ ജോര്‍ജുമാണ് അസുഖം ഭേദമായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചു. പിന്നെ കണ്ടത്, ഒരു ഒഴുക്കായിരുന്നു, മമ്മൂട്ടിയെന്ന നടനോടുള്ള മലയാളികളുടെ സ്‌നേഹത്തിന്റെ ഒഴുക്ക്. മലയാള സിനിമാ ലോകത്തുള്ളവരും അല്ലാത്തവരുമെല്ലാം ഈ തിരിച്ചു വരവ് ആഘോഷിച്ചു.

ഏഴ് മാസമായി ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരുന്ന വാര്‍ത്തയായിരുന്നു ഇത്. ഫെബ്രുവരിയില്‍ ആണ് അര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടതോടെ മമ്മൂട്ടി ചികിത്സക്കായി ചെന്നൈയിലേക്ക് പോയത്. മഹേഷ് നാരായണന്റെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി ഇടവേള എടുത്തത്. പിന്നീട് അങ്ങോട്ട് മമ്മൂട്ടിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ ആയിരുന്നു എല്ലാവരും.

പ്രാര്‍ത്ഥനകള്‍ എല്ലാം ഫലം കണ്ടു എന്ന് അറിയിച്ചുള്ള ആന്റോ ജോസഫിന്റെ പോസ്റ്റ് മമ്മൂട്ടിയുടെ തിരിച്ചുവരവ് കാത്തിരുന്നവര്‍ക്കുള്ള ആശ്വാസ വാര്‍ത്ത ആയി. പിന്നാലെ പേഴ്‌സണല്‍ സെക്രട്ടറി ജോര്‍ജ് മമ്മൂട്ടിയുടെ നന്ദി കുറിപ്പും പങ്കുവെച്ചു. 'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി'.

കഴിഞ്ഞ ദിവസങ്ങളിലായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചെയ്ത ടെസ്റ്റുകള്‍ എല്ലാം നെഗറ്റീവ് ആയി. മമ്മൂട്ടി പൂര്‍ണ്ണമായും രോഗമുക്തനായി. അടുത്തമാസം ഏഴിനാണ് മമ്മൂട്ടിയുടെ 74ആം പിറന്നാള്‍. പിറന്നാളിന് മമ്മൂട്ടിയെത്തും എന്ന പ്രതീക്ഷ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദാനും പങ്കുവെച്ചു.

ആന്‍ഡ്രൂസ് ജോസഫ് നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ആകും ആദ്യം എത്തുക. അടുത്ത മാസം പകുതിയോടെ മമ്മൂട്ടി സിനിമ ചിത്രീകരണത്തിന്റെ ഭാഗമാകും.

ബിഗ് സ്‌ക്രീനില്‍ ആ നടനെ വീണ്ടും കാണാനുള്ള കാത്തിരിപ്പാണ് ഇനി. കാണാന്‍ ഇനിയുമുണ്ട് കഥാപാത്രങ്ങള്‍. ചെയ്തു തീര്‍ക്കാന്‍ അദ്ദേഹത്തിനുമുണ്ട് നിരവധി വേഷങ്ങള്‍.

കണ്ട് മനസ് നിറയ്ക്കാന്‍ കാത്തിരിക്കുകയാണ് മലയാളികളും സിനിമയും.

SCROLL FOR NEXT