പാ രഞ്ജിത്ത്, എസ്.എം. രാജു  Source : X
MOVIES

"സുരക്ഷിതമാക്കാനുള്ള എല്ലാ പ്രോട്ടോകോളും പാലിച്ചിരുന്നു"; സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ പാ രഞ്ജിത്ത്

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം രാജുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ പാ രഞ്ജിത്ത്. പാ രഞ്ജിത്തിന്റെ 'വേട്ടുവം' എന്ന സിനിമാ സെറ്റില്‍ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ സംവിധായകന്‍ പാ രഞ്ജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ നാഗപട്ടിണം പൊലീസ് കേസ് എടുത്തിരുന്നു. അതിന് പിന്നാലെയാണ് സംവിധായകന്‍ നിര്‍മാണ കമ്പനിയായ നീലം പ്രൊഡക്ഷന്‍സിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി അനുശോചന കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. സ്റ്റണ്ട് സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ പ്രോട്ടോക്കോളും പാലിച്ചിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

അനുശോചന കുറിപ്പിന്റെ പൂര്‍ണരൂപം :

നീലം പ്രൊഡക്ഷന്‍സിന്റെ ഭാഗത്തുനിന്നുള്ള അനുശോചന കുറിപ്പ്. ജൂലൈ 13ന് രാവിലെ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ ഞങ്ങളുടെ 'വേട്ടുവം' എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അപ്രതീക്ഷിതമായി പ്രതിഭാധനനായ സ്റ്റണ്ട് ആര്‍ട്ടിസ്റ്റും ദീര്‍ഘകാല സഹപ്രവര്‍ത്തകനുമായ ശ്രീ മോഹന്‍ രാജിനെ ഞങ്ങള്‍ക്ക് നഷ്ടമായി. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും കുടുംബത്തെയും സപ്രവര്‍ത്തകനായും സുഹൃത്തായും മോഹന്‍ രാജ് അണ്ണനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്ത എല്ലാവരെയും ഓര്‍ത്ത് ഞങ്ങളുടെ ഹൃദയം വേദനിക്കുന്നു.

വിശദമായും ജാഗ്രതയോടും കൂടി ആസുത്രണം ചെയ്ത് ക്രാഷ് സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്ന എല്ലാ സിനിമകളിലും സംഭവിക്കുന്നതുപോലെ ആരംഭിച്ച ഒരു ദിവസം അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ മരണത്തിലാണ് അവസാനിച്ചത്. ഇത് ഞങ്ങളില്‍ ഹൃദയഭേദകമാം വിധം ഞെട്ടലുണ്ടാക്കി. സ്റ്റണ്ട് ടീമിലെ സഹപ്രവര്‍ത്തകരും ക്രൂവിലെ എല്ലാവരും മോഹന്‍ രാജ് അണ്ണയെ ബഹുമാനിച്ചിരുന്നു. സ്റ്റണ്ട് ചെയ്യുന്നതില്‍ പരിചയസമ്പന്നനായ അദ്ദേഹത്തിന്റെ ആസൂത്രണത്തിലും വ്യക്തതയിലും ഞങ്ങള്‍ എല്ലാവരും ആശ്രയിച്ചിരുന്നു.

ഞങ്ങളുടെ സ്റ്റണ്ട് ഡയറക്ടര്‍ ദിലീപി സുബ്ബരായന്റെ വൈദഗ്ധ്യത്തെ ആശ്രയിക്കുകയും ഇത് സുരക്ഷിതമാക്കാന്‍ വേണ്ടിയുള്ള പ്രോട്ടോകോളുകളും എല്ലാം പാലിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ എല്ലാ തയ്യാറെടുപ്പുകളും മുന്‍കരുതലുകളും ഉണ്ടായിരുന്നിട്ടും സമാനതകളില്ലാത്ത അനുഭവവും നേട്ടങ്ങളും നേടിയ ജോലിയുടെ ഗുണനിലവാരത്തില്‍ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും എല്ലാം അഭിമാനിപ്പിക്കുന്ന ഒരു മനുഷ്യനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തോടപ്പം ഞങ്ങളുടെ സ്‌നേഹവും ആരാധനയും എപ്പോഴും ഉണ്ടായിരിക്കും.

ഈ മരണം വളരെ അധികം ദുഖകരമാണ്. ഒരു മികച്ച സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഓര്‍മിക്കപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എപ്പോഴും അങ്ങനെ തന്നെയായിരിക്കും അദ്ദേഹം ഞങ്ങളുടെ ഓര്‍മയില്‍ നിലനില്‍ക്കുക.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SCROLL FOR NEXT