കൊച്ചി: മികവാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കയ്യൊപ്പ് ചാർത്തിയ പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ എത്തും. 'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമാണം.
ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന ഒരു സ്ത്രീയുടെ ഔദ്യോഗിക ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ത്രില്ലർ ഴോണറിലൂടെ അവതരിപ്പിക്കുന്നത്. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പാർവതി ആദ്യമായി പൊലീസ് കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണിത്.
വിനയ് ഫോർട്ട് വിജയരാഘവൻ, സായ് കുമാർ, പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന - പി.എസ്. സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - റോബി രാജ്, എഡിറ്റിങ് - ചമൻ ചാക്കോ, കലാസംവിധാനം - മുഹേഷ് മോഹൻ, മേക്കപ്പ് - അമൽ, കോസ്റ്റ്യൂം ഡിസൈൻ -സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ, സ്റ്റിൽസ്- റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ - ദീപക്, പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ - സനൂപ്.