നസ്രിയ, ഐശ്വര്യ, കല്യാണി image: Instagram
MOVIES

"മലയാളിയെ കിട്ടാൻ ഇത്ര ബുദ്ധിമുട്ടാണോ? ജാൻവി കപൂറിന് പകരം ഈ നടിമാരെ ഉപയോഗിക്കാമായിരുന്നില്ലേ?" വിമർശനവുമായി പവിത്ര മേനോൻ

"എല്ലായ്പ്പോഴും മുല്ലപ്പൂവും ചൂടി മോഹിനിയാട്ടം കളിച്ച് നടക്കുന്നവരല്ല ഞങ്ങൾ"

Author : ന്യൂസ് ഡെസ്ക്

ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പരം സുന്ദരിയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലറിലെ രംഗങ്ങളും നടീനടന്മാരുടെ സംഭാഷണങ്ങളും ചെന്നൈ എക്സ്പ്രസിലെ ഷാറൂഖ് ഖാനെയും ദീപിക പദുകോണിനെയും ഓർമ്മിപ്പിക്കും വിധമാണ്. ലഭിച്ച സ്വീകാര്യത എന്ന പോലെ വിമർശനങ്ങൾക്കും ട്രെയിലർ വിധേയമായിട്ടുണ്ട്.

എന്തൊക്കെയായാലും ഓഗസ്റ്റ് 29 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതും കാത്തിരിക്കുകയാണ് ജാൻവി കപൂറിൻ്റെ ആരാധകർ. ഈ സന്ദർഭത്തിലാണ് സിനിമയിൽ നായികയായി ജാൻവി കപൂറിനെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് മലയാള നടിയായ പവിത്ര മേനോൻ രംഗത്തെത്തിയിരിക്കുന്നത്.

"ഞാൻ ഒരു മലയാളിയാണ്, പരം സുന്ദരിയുടെ ട്രെയിലർ കണ്ടു. മലയാളം നന്നായി സംസാരിക്കുന്ന ഒരു നടിയെ കിട്ടാത്തത് കൊണ്ടാണോ? ഞാൻ ഹിന്ദിയും മലയാളവും നന്നായി സംസാരിക്കും. ഇത് 2025 ആണ് ഒരു മലയാളി എങ്ങനെയാണ് സംസാരിക്കുക, അവർ എങ്ങനെയാണ് പെരുമാറുക എന്നതെല്ലാം എല്ലാവർക്കുമറിയാം. എല്ലായ്പ്പോഴും മുല്ലപ്പൂ ചൂടി നടക്കുകയും വീട്ടിലും ഓഫീസിലും മോഹിനിയാട്ടം കളിക്കുകയും ചെയുന്നവരല്ല ഞങ്ങൾ. തിരുവനന്തപുരം എന്ന് പറയാൻ അറിയിലെങ്കിൽ ട്രിവാൻണ്ട്രം എന്ന് പറയാമായിരുന്നു. ഞാൻ ഉദേശിച്ചത് ഇത്ര മാത്രമാണ് ഹിന്ദി സിനിമയിൽ അഭിനയിക്കാൻ ഒരു മലയാളി നടിയെ കിട്ടാൻ ഇത്ര ബുദ്ധിമുട്ടാണോ?" എന്ന് പവിത്ര മേനോൻ ചോദിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു പവിത്ര മേനോൻ്റെ പ്രതികരണം.ഇൻസ്റ്റഗ്രാം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പവിത്ര ഇത് വീണ്ടും റീ പോസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോയിൽ ജാൻവി കപൂറിന് പകരമായി കാസ്റ്റ് ചെയ്യാവുന്ന നടിമാരായി ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശനൻ, നസ്രിയ എന്നിവരുടെ ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. ട്രെയിലറിന് പിന്നാലെ വന്ന പവിത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ സമിശ്ര പ്രതികരണങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പവിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ കമൻ്റുകൾ നിറഞ്ഞിട്ടുണ്ട്. ഇതിനോടൊപ്പം കേരളാ സ്റ്റോറിയിലെ കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണനെയും പരം സുന്ദരിയിലെ സുന്ദരിയെയും താരതമ്യപ്പെടുത്തി ട്രോളന്മാർ സജീവമായിട്ടുണ്ട്.

SCROLL FOR NEXT