സിനിമയിലും രാഷ്ട്രീയത്തിലും ഒട്ടേറെ ആരാധകരുള്ള താരമാണ് പവൻ കല്യാൺ. ഇപ്പോഴിതാ, തനിക്ക് ലോകേഷ് കനകരാജിന്റെ സംവിധാന രീതി ഇഷ്ടമാണെന്ന് പറയുകയാണ് തെലുങ്ക് നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററുമായ പവൻ കല്യാൺ. ഒരു സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് പവൻ ഇക്കാര്യം തുറന്ന് പറഞ്ഞത്. താൻ ലോകേഷിന്റെ ലിയോ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകേഷിനെ കുറിച്ച് പറയുന്ന പവൻ കല്യാണിന്റെ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പ് വേഗം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതിനു പിന്നാലെ ലോകേഷ് കനകരാജ് നന്ദി പറഞ്ഞുകൊണ്ട് എക്സിൽ കുറിപ്പെഴുതി.
"പവൻ കല്യാൺ സാറിന്റെ വാക്കുകൾ ഒരു ബഹുമതിയായി കാണുന്നു . എന്റെ വർക്ക് സാറിന് ഇഷ്ടമാണെന്ന് അറിഞ്ഞതിൽ താൻ സന്തോഷവാനും നന്ദിയുള്ളവനുമാണ് . വലിയ നന്ദി ", ലോകേഷ് എക്സിൽ കുറിച്ചു.
അതേസമയം, തനിക്ക് യോഗി ബാബുവിനെയും ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ ചിത്രം 'മണ്ടേല' താൻ കണ്ടിരുന്നുവെന്നും പവൻ കല്യാൺ കൂട്ടി ചേർത്തു.