2024 ജൂണിലാണ് നടന്‍ പവന്‍ കല്യാണ്‍ അന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതിന് ശേഷം അദ്ദേഹം രാഷ്ട്രീയ ചുമതലകള്‍ക്കൊപ്പം തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിച്ചിരുന്ന സിനിമകളുടെ ഷൂട്ടിംഗും പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നു. അടുത്തിടെ എബിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയവും സിനിമയും കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു. ഹരി ഹര വീര മല്ലു, ദേ കോള്‍ ഹിം ഒജി, ഉസ്താദ് ഭഗത് സിംഗ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
"ഈ മൂന്ന് സിനിമകള്‍ ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില രാഷ്ട്രീയ സംഭവങ്ങള്‍ കാരണം എനിക്കതിന് സാധിച്ചില്ല. സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് ദിവസം കൂടി ആവശ്യമായതിനാല്‍ മൂന്ന് സിനിമകളുടെയും നിര്‍മാതാക്കളോട് ഞാന്‍ മാപ്പ് ചോദിച്ചു. ഞാന്‍ അധികാരത്തില്‍ വന്നതിന് ശേഷവും സിനിമകള്‍ക്കായി ഞാന്‍ സമയം ചെലവഴിച്ചു. ഒരു ദിവസം രണ്ട് മണിക്കൂര്‍ മാത്രമെ ഞാന്‍ അത് ചെയ്തിരുന്നുള്ളൂ", പവന്‍ കല്യാണ്‍ പറഞ്ഞു.
"നിലവില്‍ ഞാന്‍ ഒജിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഉസ്താദ് ഭഗത് സിംഗ് പൂര്‍ത്തിയാക്കാന്‍ ഏകദേശം അഞ്ച് ദിവസം കൂടി ബാക്കിയുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ തീര്‍ച്ചയായും ഇനി അഭിനയിക്കില്ല. കാരണം എന്റെ മുന്‍ഗണന ഭരണകൂടവും ജനസേന പാര്‍ട്ടിയുമാണ്. എന്നിരുന്നാലും എന്റെ സാമ്പത്തിക ഉപജീവനത്തിനായി എനിക്ക് സിനിമ ആവശ്യമാണ്. അതിനാല്‍ ഭാവിയില്‍ ഞാന്‍ സിനിമകള്‍ നിര്‍മിക്കാന്‍ നോക്കും. ഞാന്‍ അഭിനയിക്കുകയാണെങ്കിലും അത് ഒരു ദിവസം രണ്ട് മണിക്കൂര്‍ മാത്രമായിരിക്കും. നിലവില്‍ കൂടുതല്‍ സിനിമകളൊന്നും തന്നെ ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് വര്‍ഷത്തിലേറെയായി ഹരി ഹര വീര മല്ലു നിര്‍മാണം ആരംഭിച്ചിട്ട്. കൃഷ്, ജ്യോതി കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി ഡിയോള്‍, നിധി അഗര്‍വാള്‍, നര്‍ഗിസ് ഫക്രി, സത്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. ജൂലൈ 24നാണ് ചിത്രം തിയേറ്ററിലെത്തുക.