ഹരി ഹര വീര മല്ലു പോസ്റ്റർ Source : X
MOVIES

"ചെറിയ കാര്യത്തെ വലുതാക്കി"; ഹരി ഹര വീര മല്ലുവിന്റെ വിഎഫ്എക്‌സ് ട്രോളുകളില്‍ സംവിധായകന്‍

ജൂലൈ 24നാണ് ഹരി ഹര വീര മല്ലു തിയേറ്ററിലെത്തിയത്.

Author : ന്യൂസ് ഡെസ്ക്

പവന്‍ കല്യാണ്‍ നായകനായി എത്തിയ ഹരി ഹര വീര മല്ലു മോശം വിഎഫ്എക്‌സിനെ ചൊല്ലി വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമത്തില്‍ ഏറ്റുവാങ്ങുന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് ചിത്രത്തിന്റെ സംവിധായകനായ ജ്യോതി കൃഷ്ണ മറുപടി പറഞ്ഞിരിക്കുകയാണ്. ചെറിയ കാര്യത്തെ വലുതാക്കി കാണിക്കുകയാണെന്നാണ് ജ്യോതി കൃഷ്ണ എബിഎന്നിനോട് സംസാരിക്കവെ പറഞ്ഞത്.

"ആരായാലും പ്രശസ്തരായവരെ മാത്രമെ ട്രോളുകയുള്ളൂ. അറിയപ്പെടുന്നവരെ കുറിച്ച് എഴുതുമ്പോള്‍ അവര്‍ക്ക് വ്യൂ ലഭിക്കുന്നു. ഞാന്‍ ഈ വിമര്‍ശനങ്ങളൊന്നും മനസിലേക്ക് എടുക്കുന്നില്ല. എല്ലാ ദിവസവും ചിത്രത്തെ കുറിച്ച് എന്തെങ്കിലും പ്രശ്‌നം എഴുതിയിരിക്കുന്നത് ഞാന്‍ കാണാറുണ്ട്. ഇത്ര സമയമെടുത്ത് നിര്‍മിച്ച ആദ്യ സിനിമയൊന്നുമല്ല ഇത്", ജ്യോതി കൃഷ്ണ പറഞ്ഞു.

"സൂക്ഷ്മമായി പരിശോധിച്ച ശേഷം അവര്‍ക്ക് സിജിഐ, വിഎഫ്എക്‌സ് ചില സ്ഥലത്ത് മോശമായെന്ന് മാത്രമെ കണ്ടെത്താനായുള്ളൂ. ആരും കഥയും തിരക്കഥയും മോശമാണെന്നോ മനസിലായില്ലെന്നോ പറഞ്ഞിട്ടില്ല. സിജിഐ ആവശ്യമായ 4400 ഷോട്ടുകള്‍ സിനിമയിലുണ്ട്. തീര്‍ച്ചയായും ചില ഷോട്ടുകള്‍ പൂര്‍ണമായും ഭംഗിയായില്ലെന്ന് എനിക്ക് അറിയാം. പക്ഷെ അത് അത്ര വലിയ കാര്യമൊന്നുമല്ല. ആ ചെറിയ കാര്യത്തെ അവര്‍ വലുതാക്കുകയാണ് ചെയ്തത്", സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 24നാണ് ഹരി ഹര വീര മല്ലു തിയേറ്ററിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും നാല് ദിവസം കൊണ്ട് 100 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ചിത്രം നേടി. അഞ്ച് വര്‍ഷം മുന്‍പാണ് ഹരി ഹര വീര മല്ലുവിന്റെ നിര്‍മാണം ആരംഭിച്ചത്. നിരവധി തവണ റിലീസ് മാറ്റി വെച്ച ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. ബോബി ഡിയോള്‍, നിധി അഗര്‍വാള്‍, നര്‍ഗിസ് ഫക്രി, സത്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

SCROLL FOR NEXT